എംജി സര്‍വകലാശാല കോളജുകളുടെ അംഗീകാരം റദ്ദാക്കല്‍: മന്ത്രിതല ചര്‍ച്ച ഇന്ന്

കോട്ടയം: സര്‍വകലാശാലയ്ക്കു കീഴിലെ അടിസ്ഥാന സൗകര്യമില്ലാത്ത രണ്ടു കോളജുകളുടെ അംഗീകാരം റദ്ദാക്കിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇന്നു തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച നടക്കും.
അംഗീകാരം റദ്ദാക്കിയതില്‍ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ഏഴു കോളജുകളുമുണ്ട്. യുജിസി മാനദണ്ഡംപ്രകാരമുള്ള, സ്വന്തമായി അഞ്ചേക്കര്‍ സ്ഥലവും മതിയായ ക്ലാസ് റൂമുകളും ലൈബ്രറിയും ലാബുകളുമില്ലാതെ എംജി സര്‍വകലാശാലയ്ക്കു കീഴില്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നു കാട്ടി ചാന്‍സലറായ ഗവര്‍ണര്‍ക്കു പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു ചാന്‍സലറുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി ഡിസംബര്‍ 23ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സൗകര്യങ്ങളില്ലാത്ത 38 കോളജുകളിലെ പ്രവേശനം തടയാന്‍ തീരുമാനിച്ചു. ഈ കോളജുകള്‍ക്ക് നോട്ടീസും നല്‍കി. ഇതിനെതുടര്‍ന്നു 38ല്‍ 13 കോളജുകള്‍ മാത്രം മാനദണ്ഡങ്ങള്‍ അനുസരിച്ചു സൗകര്യങ്ങള്‍ ഒരുക്കിയതായി പിന്നീട് അറിയിച്ചു. തുടര്‍ന്ന് ഇവയ്ക്ക് അംഗീകാരം സര്‍വകലാശാല പുതുക്കി നല്‍കുകയും ചെയ്തു. അവശേഷിക്കുന്ന 25 കോളജുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഇന്നു യോഗം ചേരുന്നത്.
ഇതില്‍ എഴ് ഐഎച്ച്ആര്‍ഡി കോളജുകളും ബാക്കി സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങളുമാണ്. ഐഎച്ച്ആര്‍ഡി കോളജുകളുടെ അംഗീകാരം റദ്ദാക്കിയതു മൂലം നിരവധി വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാവുമെന്നു പരാതി ഉയര്‍ന്നിരുന്നു. തീരുമാനത്തിനെതിരേ ഐഎച്ച്ആര്‍ഡിയും സര്‍ക്കാരിനെ സമീപിച്ചു. എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പീരുമേട്, നെടുംങ്കണ്ടം, കോന്നി, പുത്തന്‍വേലിക്കര, മല്ലപ്പള്ളി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നിവിടങ്ങളിലെ ഐഎച്ച്ആര്‍ഡി കോളജുകളുടെ അംഗീകാരമാണ് റദാക്കിയത്. യുജിസി മാനദണ്ഡപ്രകാരം സൗകര്യങ്ങള്‍ ഇല്ലാതെ കോളജുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കെ ഐഎച്ച്ആര്‍ഡി കോളജുകളുടെ കാര്യത്തില്‍ പോംവഴി കണ്ടെത്താന്‍ കഴിയുമോയെന്നു പരിശോധിക്കാനാണ് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നത്.
എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it