Kottayam Local

എംജിയില്‍ ശാസ്ത്ര ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കാന്‍ നീക്കം; പ്രതിഷേധിച്ചതിന് വിദ്യാര്‍ഥികളെ പുറത്താക്കിയെന്ന് ആരോപണം

കോട്ടയം: എംജി സര്‍വകലാശാലയില്‍ ആരംഭിച്ച ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കാന്‍ അധികാരികള്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
എംജി സര്‍വകലാശാല ഐഐആര്‍ബിഎസിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്. ഐഐആര്‍ബിഎസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്തെ അറിയച്ചതിനുള്ള പ്രതികാരമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ശാസ്ത്ര ഗവേഷണത്തിനും പഠനത്തിനുമായി രൂപീകരിച്ച ഐഐആര്‍ബിഎസിന്റെ ഗവേഷണ അംഗീകാരം റദ്ദുചെയ്യുന്നതിനും സ്ഥാപനം അടച്ചുപൂട്ടുന്നതിനും രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി ഗൂഢനീക്കം നടത്തുന്നെന്ന് വിദ്യാര്‍ഥികള്‍ മുമ്പ് ആരോപിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സ്ഥാപനം ഇതിന്റെ ഭാഗമായി നിസാര കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രത്തിന്റെ ഡയറക്ടറെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. പിന്നീട് മറ്റാരും സ്ഥാനം ഏല്‍ക്കാനില്ലെന്ന കാരണം പറഞ്ഞ് സ്വയം ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത രജിസ്ട്രാര്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി കേന്ദ്രത്തിന് ഒരു സഹായവും നല്‍കുന്നില്ല.
കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ പോലും സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി മുമ്പ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത വിദ്യാര്‍ഥികളെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്‍എംആര്‍ അടക്കമുള്ള ഉപകരണങ്ങളാണ് അധികൃതരുടെ അലംഭാവം കാരണം നശിച്ചിരിക്കുന്നത്.നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ഥികളെ രജിസ്ട്രാര്‍ മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നുവെന്നും പഠനം തടസ്സപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്. രജിസ്ട്രാറുടെ ഭീഷണി നിരന്തരമായതോടെ ന്യൂനപക്ഷ കമ്മീഷനെയും വനിതാകമ്മീഷനെയും സമീപിച്ചിരിക്കുകയാണ് വിദ്യാര്‍ഥിനികള്‍.ഇതിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
വിദേശ സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 40ലേറെ വിദ്യാര്‍ഥികള്‍ ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ കാന്റീനും ഹോസ്റ്റലും അടച്ചുപൂട്ടാനും നീക്കമുണ്ട്. നിലവില്‍ സെന്ററില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളോ, ലാബിലേക്ക് ആവശ്യമായ കെമിക്കലുകളോ നല്‍കാന്‍ പോലും അധികാരികള്‍ തയ്യാറാവുന്നില്ല. ബിരുദ കോഴ്‌സിന് 3500 രൂപയും ബിരുദാനന്തര ബിരുദ കോഴ്‌സിന് 6000 രൂപയും മാത്രം ഈടാക്കി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഗവേഷണ അംഗീകാരം റദ്ദ് ചെയ്യുന്നതിനു പിന്നില്‍ ഫീസ് 36000 രൂപയാക്കാനും കേന്ദ്രത്തെ സ്വകാര്യ മേഖലയ്ക്കു കൈമാറാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അടുത്ത ദിവസം ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും സര്‍വലാശാലയുടെ നടപടിക്കെതിരേ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികളും ഐഐആര്‍ബിഎസ് സേവ് ഫോറം ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ഥികളായ ശരത്, സമീറ, അധ്യാപകരായ ഡോ. പി വി ശശി, സൂസന്‍ വര്‍ഗീസ്, സേവ് ഫോറം ഭാരവാഹികളായ ജോസഫ് ചാവറ, പ്രോത്താസിസ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it