Districts

എംഎസ്എഫ് നേതാവിനെതിരേ സമസ്ത: സമസ്തയുടെ യോഗത്തിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി

കരുവാരക്കുണ്ട്(മലപ്പുറം): മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ടി പി അഷ്‌റഫലിക്കെതിരേ സമസ്ത ഇകെ വിഭാഗം നടത്തിയ കണ്‍വന്‍ഷനില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ മീഡിയവണ്‍ കാമറാമാന്‍ ഡാറ്റസ് വേലായുധനും റിപോര്‍ട്ടര്‍ ബി കെ സുഹൈലിനു നേരെയും കൈയേറ്റമുണ്ടായി.
കരുവാരക്കുണ്ട് കിഴക്കേത്തലയിലുള്ള ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന സമസ്തയുടെ യോഗത്തിലേക്കാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സമസ്തയുടെ നിലപാടിനെ വിമര്‍ശിച്ച ടി പി അഷ്‌റഫ് അലിക്കെതിരേ സമസ്ത നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സമസ്ത നിലപാടിനെതിരേ ലേഖനമെഴുതിയ അഷ്‌റഫലിയെ മല്‍സരിപ്പിക്കരുതെന്നു സമസ്ത ആവശ്യപ്പെട്ടിരുന്നു. ലീഗ് നേതൃത്വത്തെ സമസ്ത ഈ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ അഷ്‌റഫലി തന്നെ സ്ഥാനാര്‍ഥിയായി ലീഗ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ലീഗ് നേതൃത്വം സമസ്ത നേതാക്കളുമായി ചര്‍ച്ചനടത്തുകയും അഷ്‌റഫലി സമസ്തയ്‌ക്കെതിരേ നിലപാടെടുത്തതില്‍ മാപ്പു ചോദിച്ചുകൊണ്ട് കത്തെഴുതണമെന്നും ദിവസങ്ങള്‍ക്കു മുമ്പ് ചേര്‍ന്ന ലീഗ്-സമസ്ത നേതാക്കളുടെ യോഗം തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനമനുസരിച്ച് മാപ്പുചോദിച്ചു കൊണ്ടുള്ള കത്തല്ല എഴുതിയതെന്നാരോപിച്ചാണ് അഷ്‌റഫലിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ഇന്നലെ സമസ്ത ഇകെ വിഭാഗം പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ ചേര്‍ന്നത്.
സുന്നി പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ ആബിദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിലായിരുന്നു കണ്‍വന്‍ഷന്‍ നടന്നിരുന്നത്. സുന്നി പണ്ഡിതനായ മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് അടക്കം നൂറുകണക്കിനു സമസ്തയുടെ ആളുകള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ വിവരമറിഞ്ഞെത്തിയ സ്ഥാനാര്‍ഥികള്‍ അടക്കമുള്ള മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയതോടെ തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതു ചിത്രീകരിക്കുന്നതിനിടെയാണ് മീഡിയവണ്‍ വാര്‍ത്താസംഘത്തിനെതിരേ കൈയേറ്റമുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കരുവാരക്കുണ്ട് എസ്‌ഐ സില്‍വര്‍സ്റ്ററിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ സമസ്ത പ്രവര്‍ത്തകരാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇകെ വിഭാഗം സമസ്തയുടെ പ്രമുഖ സ്ഥാപനമായ ദാറുന്നജാത്ത് നിലകൊള്ളുന്ന കരുവാരക്കുണ്ട് മേഖലയില്‍ സമസ്തയ്ക്ക് നല്ല സ്വാധീനമുണ്ട്.
Next Story

RELATED STORIES

Share it