എംഎല്‍എ പ്രതിയായ ലൈബ്രറി ഭൂമി വില്‍പനകേസ് അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി ഇടപെട്ടതായി ആരോപണം

തിരുവനന്തപുരം: എംഎല്‍എ ഒന്നാം പ്രതിയായ വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതായി ആരോപണം. അന്തിമ റിപോര്‍ട്ട് തയ്യാറായ കേസില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് ഉത്തരവിട്ടതാണു വിവാദമായത്. ഈ അന്വേഷണം കാരണമാണ് അന്തിമ റിപോര്‍ട്ട് വൈകുന്നതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

തൃശൂരിലെ ചാച്ചാ നെഹ്‌റു ലൈബ്രറിയുടെ 13 സെന്റ് ഭൂമി വിറ്റ കേസിലാണ് മൂന്നുവര്‍ഷത്തെ അന്വേഷണത്തിനു ശേഷം അന്തിമ റിപോര്‍ട്ടായത്. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയാണ് കേസിലെ ഒന്നാംപ്രതി. ലൈബ്രറി കൗണ്‍സിലിന്റെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ ഭൂമി വിറ്റ പണം കൈവശപ്പെടുത്തിയെന്നാണു പരാതി. ഇതില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സിന്റെ അന്തിമറിപോര്‍ട്ട്. നിയമോപദേശം തേടിയശേഷം കഴിഞ്ഞ മാര്‍ച്ച് 23ന് റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അംഗീകാരത്തിനായി ഡയറക്ടര്‍ക്കു സമര്‍പ്പിച്ചു.

എന്നാല്‍, ജൂലൈ 27ന് തേറമ്പില്‍ രാമകൃഷ്ണന്‍ അന്വേഷണത്തിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി.
പ്രൊസിക്യൂഷന്‍ അനുമതിയില്ലാതെയാണ് തനിക്കെതിരായ പരാതിയെന്നും ലൈബ്രറി കൗണ്‍സില്‍ പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു തേറമ്പലിന്റെ വാദം. പിന്നാലെ എറണാകുളം എസ്പിയെ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തി. ഈ അന്വേഷണ റിപോര്‍ട്ടും അന്തിമറിപോര്‍ട്ടും എത്രയുംവേഗം സമര്‍പ്പിക്കുമെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.അന്വേഷണം മൂന്നു വര്‍ഷത്തിലധിമായി നീളുന്നതിനെതിരേ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിലെ വസ്തുതകള്‍ വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്. വിജിലന്‍സ് ആദ്യം തള്ളിക്കളഞ്ഞ പരാതിയില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തേറമ്പലിനെതിരേ എഫ്‌ഐആര്‍ തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it