എംഎല്‍എയുടെ 120 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷനില്‍നിന്ന് 300 കോടിയിലേറെ രൂപയുടെ വെട്ടിപ്പു നടത്തിയ കേസില്‍ എന്‍സിപി എംഎല്‍എ രമേശ് കദമിന്റെ 120 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലോക്ഷഹിര്‍ അന്നാഭാവു സാത്തെ ഡെവലപ്‌മെന്റ് കോര്‍പറേഷനിലാണ് 2012 ആഗസ്തിനും 2014 ഡിസംബറിനും ഇടയില്‍ വെട്ടിപ്പു നടന്നത്. ഇക്കാലത്ത് കോര്‍പറേഷന്റെ പ്രസിഡന്റായിരുന്നു കദം. വ്യാജരേഖകള്‍ ചമച്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി വന്‍ തുക കൈക്കലാക്കിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ കദമിന്റെയും ഭാര്യയുടെയും പേരില്‍ മുംബൈ ബോറിവാലിയിലുള്ള ഫഌറ്റ്, ഔറംഗബാദിലെ കൃഷിഭൂമി, 76.67 ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it