Kollam Local

എംഎല്‍എയുടെ പ്രതിഷേധം: പരവൂരില്‍ ജനമൈത്രി കേന്ദ്രം ഉദ്ഘാടനം നടന്നില്ല

പരവൂര്‍: ജനങ്ങളെയും ജനപ്രതിനിധികളെയും അകറ്റിനിര്‍ത്തി ജനമൈത്രി കേന്ദ്രം ഉദ്ഘാടനം നടത്താനുള്ള പോലിസ് അധികൃതരുടെ ശ്രമം വിഫലമായി. പരവൂരിലെ കമ്യൂണിറ്റി പോലിസ് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനമാണ് ജി എസ് ജയലാല്‍ എംഎല്‍എയുടെ അവസരോചിതമായ ഇടപെടല്‍ മൂലം നടക്കാതെ പോയത്. കഴിഞ്ഞദിലസം വൈകീട്ട് നാലിന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് പരവൂരിലെ പോലിസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി തീരുമാനിച്ചത്.
സ്ഥലം എംഎല്‍എയെയോ വാര്‍ഡ് കൗണ്‍സിലറെയോ മുനിസിപ്പല്‍ അധികൃതരെയോ ഉദ്ഘാടനത്തിനായി നേരത്തേ രൂപം കൊടുത്ത സ്വാഗതസംഘം ഭാരവാഹികളെയോ അറിയിക്കാതെ ആയിരുന്നു ഈ തീരുമാനം. മാത്രമല്ല സെന്റര്‍ ഉദ്ഘാടനം ചെയ്യുന്ന വിവരം ചിലരെ മാത്രം അറിയിച്ചതിലും നാട്ടില്‍ പ്രതിഷേധമുണ്ട്. ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെ മാത്രമാണ് ഇക്കാര്യം അറിയിച്ചത്.
ഇതറിഞ്ഞ എംഎല്‍എ കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ തന്നെ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടന സ്ഥലത്തെത്തി. ഉദ്ഘാടകന്‍ എത്തില്ലെന്ന് ഉറപ്പായതോടെ എംഎല്‍എ നേരേ പോലിസ് സ്റ്റേഷനിലെത്തി എസ്‌ഐയുടെ മുറിയില്‍ ഇരിപ്പുറപ്പിച്ചു.
ഇതിനിടയില്‍ ചാത്തന്നൂര്‍ എസിപി ശിവപ്രസാദ് പരവൂര്‍ പോലിസ് സ്റ്റേഷനിലെത്തി ഉദ്ഘാടനം താല്‍ക്കാലികമായി മാറ്റിവച്ചതായി എംഎല്‍എയെ ധരിപ്പിച്ചു.
തുടര്‍ന്ന് എംഎല്‍എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ടെലിഫോണില്‍ ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചു. ഉദ്ഘാടനം എംഎല്‍എ തന്നെ നടത്താനാണ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചത്. ഈ നിര്‍ദേശം എംഎല്‍എയ്ക്ക് സ്വീകാര്യമായിരുന്നില്ല. മന്ത്രി തന്നെ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു. സൗകര്യപ്രദമായ തിയ്യതി അറിയിച്ച് ഉദ്ഘാടനത്തിന് എത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് പരവൂര്‍ പോലിസ് സ്റ്റേഷനിലെ പിരിമുറുക്കത്തിന് അയവു വന്നത്.
പരവൂര്‍ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ സിഐയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് കമ്യൂണിറ്റി പോലിസ് റിസോഴ്‌സ് സെന്ററിന് കെട്ടിടം നിര്‍മിച്ചത്. ഇതിന്റെ ഉദ്ഘാടനം നടത്തുന്നതിന് വിപുലമായ സ്വാഗതസംഘവും ചേരുകയുണ്ടായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കാനാണ് അന്ന് സ്വാഗതസംഘം തീരുമാനിച്ചത്. ഇത് എന്തുകാരണത്തലാണ് അട്ടിമറിക്കപ്പെട്ടതെന്ന് വ്യക്തമല്ല. റിസോഴ്‌സ് സെന്ററില്‍ ലൈബ്രറി ആന്റ് റീഡിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, കൗണ്‍സെലിങ് സെന്റര്‍ എന്നിവയാണ് പ്രവര്‍ത്തിക്കുക. ഇരുനില കെട്ടിടമാണിത്. എംഎല്‍എയുടെ പ്രതിഷേധം അറിഞ്ഞ് നിരവധി ഇടതുമുന്നണി പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിസരത്ത് എത്തി. രാത്രി 7.30ഓടെയാണ് എംഎല്‍എയുടെ പ്രതിഷേധം അവസാനിച്ചത്.
Next Story

RELATED STORIES

Share it