kozhikode local

എംഎംസി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

അത്തോളി: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. 63 ദിവസമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ നടന്നു വരുന്ന സമരവും ഇതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസമായി നഴ്‌സ് എസ് സുനിത നടത്തി വന്ന അനിശ്ചിതകാല നിരാഹാരവും അവസാനിപ്പിച്ചു.
സമരം ഒത്തു തീര്‍പ്പാക്കാന്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉണ്ടാക്കിയ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരന്‍ ശ്രീമേഷിനെയും പുറത്താക്കിയ മറ്റ് മുഴുവന്‍ പേരെയും തിരിച്ചെടുത്ത് യൂനിഫോം നല്‍കുമെന്നുമാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ആശുപത്രി പരിസരത്ത് നടന്ന സമരത്തിന്റെ ഭാഗമായി യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയോ പ്രവര്‍ത്തകര്‍ക്കെതിരെയോ യാതൊരു നടപടിയും സ്വീകരിക്കുകയില്ലെന്നും മാനേജ്‌മെന്റിനെതിരെ കൊടുത്ത എല്ലാ കേസുകളും സമരസമിതി പിന്‍വലിക്കുമെന്നതുമാണ് പ്രധാന തീരുമാനം. സമരത്തില്‍ പങ്കെടുത്ത് ജോലിയില്‍ നിന്നും വിട്ടു നിന്ന എല്ലാ നഴ്‌സുമാരും നാളെ തിരികെ ജോലിയില്‍ പ്രവേശിക്കും. എംഎംസി ആശുപത്രി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീധരന്‍ നായര്‍, സിഇഒ ആര്‍ കെ നായര്‍, എച്ച്ആര്‍ മാനേജര്‍ ദീപ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി ജിതിന്‍ ലോഹി, ജില്ലാ പ്രസിഡന്റ് രജിത് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി സുബിത, ജില്ലാ ട്രഷറര്‍ മിഥുന്‍ രാജ്, യൂണിറ്റ് ഭാരവാഹി അനുഷ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it