ഊര്‍ജ ഉല്‍പാദനം; കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 10 വര്‍ഷംകൊണ്ട് ആണവോര്‍ജ ഉല്‍പാദനം മൂന്നു മടങ്ങാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയെ അറിയിച്ചു.
രാജ്യത്തെ വളര്‍ന്നുവരുന്ന ഉൗര്‍ജ ആവശ്യകത കണക്കിലെടുത്തിട്ടാണ് പുതിയ നിലയങ്ങള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 4,780 മെഗാവാട്ടാണ് ആണവനിലയങ്ങള്‍ വഴിയുള്ള ഊര്‍ജ ഉല്‍പാദനം. 10 വര്‍ഷംകൊണ്ട് ഇത് 13,480 മെഗാവാട്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ബിഹാറിലെ നവാദ ജില്ലയിലെ റസൗലിയില്‍ ആണവനിലയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ പദ്ധതിക്കാവശ്യമായ ജലലഭ്യതയില്‍ നിലവില്‍ പ്രശ്‌നമുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമം നടന്നുവരുകയാണെന്നും പ്രശ്‌നത്തിനു പരിഹാരംകണ്ടാല്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചാബിലെ പാട്യാല, യുപിയിലെ ബുലന്ദ് ഷെഹര്‍, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളിലും ആണവനിലയങ്ങള്‍ സ്ഥാപിക്കും. ഹരിയാനയില്‍ നിലയത്തിനായി സ്ഥലംകണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
അതേസമയം, ബാബാ ആണവ ഗവേഷണ കേന്ദ്രത്തിലെ (ബാര്‍ക്) 11 ആണവ ശാസ്ത്രജ്ഞന്മാരുടെ വിവിധ കാലങ്ങളിലായുള്ള അസ്വാഭാവിക മരണത്തിന് ആണവ വികിരണവുമായി ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു. ആണവോല്‍പാദന രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ നിലവില്‍ ശുപാര്‍ശകളൊന്നുമില്ലെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it