thrissur local

ഊമയെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ഒമ്പതു വര്‍ഷം കഠിനതടവും പിഴയും

കുന്നംകുളം: കാട്ടകാമ്പാലില്‍ ഊമയും ബധിരയുമായ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഒമ്പത് വര്‍ഷം കഠിന തടവും 250000 രൂപ പിഴയും വിധിച്ചു.
പെരുന്തിരുത്തി നെല്ലിക്കല്‍ വീട്ടില്‍ വേലായുധന്റെ മകള്‍ കുമാരി (40)യെ അഞ്ച് വര്‍ഷം മുമ്പ് വഴിത്തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ കയറി ആക്രമിക്കുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അയല്‍വാസിയായ മണക്കടവില്‍ കൃഷ്ണന്റെ മകന്‍ ജയാനന്ദന്‍ (49) നെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.
2010 ജനുവരി 5 രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ കയറ്റുന്നതിനുള്ള വഴിവേണമെന്നാവശ്യപ്പെട്ട് പ്രതി കുമാരിയുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
കുമാരിയെ വാള് കൊണ്ട് വെട്ടുകയും ടോര്‍ച്ച് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. കുമാരിയുടെ സഹോദരി വിശാലാക്ഷിയെയും അവരുടെ ഭര്‍ത്താവിനെയും അടിച്ച് പരിക്കേല്‍പ്പിച്ചു.
ബധിരയും മൂകയുമായ സ്ത്രീയുടെ അവസ്ഥ മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ചെയ്ത അക്രമത്തിന് പരമാവധി ശിക്ഷ അര്‍ഹിക്കുന്നതായി കോടതി പറഞ്ഞു. പിഴ കുമാരിക്ക് നല്‍കാനും പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കാനും കോടതി അറിയിച്ചു.
തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി പി എന്‍ സീതയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പായസ് മാത്യു ഹാജരായി.
Next Story

RELATED STORIES

Share it