thiruvananthapuram local

ഉള്‍വനങ്ങളില്‍നിന്ന് ഈറ്റകടത്ത് വ്യാപകം; ഈറ്റ ലഭിക്കാതെ പരമ്പരാഗത തൊഴിലാളികള്‍

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: ഉള്‍വനങ്ങളില്‍ നിന്നും ഈറ്റ കടത്ത് വ്യാപകം. അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവരാണ് അതിര്‍ത്തി വനമേഖലകളില്‍ നിന്നും ഈറ്റ കടത്തുന്നത്. ഇത്തരം സംഭവങ്ങളില്‍ ചിലരെ ഈറ്റകടത്തുമായി ബന്ധപ്പെട്ട് വാഹനങ്ങളടക്കം പിടികൂടിയിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യാപകമായി ഈറ്റ കടത്തല്‍ നടക്കുകയാണ്.
വേനല്‍ ശക്തമായതോടെ ഉള്‍വനങ്ങളില്‍ നിന്നും വന്യജീവികള്‍ ഭക്ഷണം തേടി നാട്ടിന്‍പ്രദേശങ്ങളിലിറങ്ങുന്നത് മറയാക്കിയും തിരഞ്ഞെടുപ്പ് പ്രചരണത്തെത്തുടര്‍ന്ന് വാഹനപരിശോധനങ്ങള്‍ കുറഞ്ഞതും മറയാക്കി ഈറ്റകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുകയാണ്. തലച്ചുമടായും വനാതിര്‍ത്തികളിലെ നദികളിലൂടെ ചങ്ങാടങ്ങളാക്കിയുമാണ് കടവുകളില്‍ എത്തിച്ച് വാഹനങ്ങളിലേക്ക് മാറ്റുന്നത്.
ഇത്തരത്തില്‍ ഈറ്റ അന്യസംസ്ഥാനത്തേക്ക് കടത്തുന്നതോടെ ഇവിടത്തെ പരമ്പരാഗത തൊഴിലാളികള്‍ ഈറ്റകള്‍ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. നേരത്തെ ഈറ്റ ലഭിക്കാതെ പട്ടിണിയിലായ തൊഴിലാളികളും കുടുംബങ്ങളും ബാംബൂ കോര്‍പറേഷന്‍ ആര്യനാട്, നെടുമങ്ങാട് ഡിപ്പോകള്‍ക്ക് മുന്‍പില്‍ സമരം സംഘടിപ്പിച്ചിരുന്നു.
ഈറ്റ ലഭിക്കാതെ വന്നപ്പോള്‍ പരമ്പരാഗത ഈറ്റ ഉല്‍പ്പന്നങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഈറ്റ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ പരമ്പരാഗത തൊഴിലാളികള്‍ വില്‍ക്കുന്നതിനേക്കാള്‍ ഇരട്ടിവിലയ്ക്ക് എത്തിക്കുകയാണ്.
ഈറ്റകടത്ത് വ്യാപകമായിട്ടും ഇത് തടയുന്നതിനോ പരമ്പരാഗത സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it