ഉള്‍ഫ നേതാവ് അനൂപ് ചെട്ടിയയെ ഇന്ത്യയ്ക്കു കൈമാറി

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടുകളായി ബംഗ്ലാദേശിലുള്ള ഉന്നത ഉള്‍ഫ'നേതാവ് അനൂപ് ചെട്ടിയയെ ബംഗ്ലാദേശ് ഇന്ത്യയ്ക്കു കൈമാറി. ഇന്ത്യയില്‍ നിരോധിച്ച യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) സ്ഥാപക ജനറല്‍ സെക്രട്ടറി ചെട്ടിയ എന്ന ഗോലാപ് ബറുവ കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, ബാങ്ക് കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ കേസുകളി ല്‍ പ്രതിയാണ്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുഖേന പ്രധാനമന്ത്രി നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ബംഗ്ലാദേശ് ബുധനാഴ്ച രാവിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു ചെട്ടിയയെ കൈമാറിയത്.
ബംഗ്ലാദേശിലെ മാറിവരുന്ന സര്‍ക്കാരുകളില്‍ രണ്ടു പതിറ്റാണ്ടുകളായി ചെട്ടിയയെ വിട്ടുകിട്ടാന്‍ ഇന്ത്യ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്ന കാരണം പറഞ്ഞാണ് ഇന്ത്യയുടെ ആവശ്യം ബംഗ്ലാദേശ് നിരാകരിച്ചിരുന്നത്.
ബംഗ്ലാദേശില്‍ ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനം അനുവദിക്കുകയില്ലെന്ന ഷെയ്ഖ് ഹസീനയുടെ നയമാണ് ചെട്ടിയയെ കൈമാറിയതിനു പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. ചെട്ടിയ ബംഗ്ലാദേശിലേക്കു ഒളിച്ചോടിയിട്ട് ഇരുപത് വര്‍ഷത്തിലധികമായി. 1991 മാര്‍ച്ചില്‍ അസം പോലിസ് അറസ്റ്റ് ചെയ്ത ചെട്ടിയയെ അന്നത്തെ അസം മുഖ്യമന്ത്രി ഹീതേശ്വര്‍ സൈക്കിയ ഇടപെട്ടാണ് ജയിലില്‍നിന്നു മോചിപ്പിച്ചത്. തുടര്‍ന്നാണ് ചെട്ടിയ ബംഗ്ലാദേശിലേക്കു കടന്നത്.
1997 ഡിസംബര്‍ 21ന് നിയമവിരുദ്ധമായി ബംഗ്ലാദേശില്‍ പ്രവേശിച്ചതിന് ധാക്ക പോലിസ് ചെട്ടിയയെ അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷത്തെ തടവിനു ശേഷം ബംഗ്ലാദേശ് ജയിലില്‍നിന്നു മോചിപ്പിച്ചെങ്കിലും ചെട്ടിയ രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രീയ അഭയത്തെപ്പറ്റി സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ അദ്ദേഹത്തിനു ജയിലില്‍ സംരക്ഷണം നല്‍കാ ന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടും ബംഗ്ലാദേശില്‍ പിന്നീട് വന്ന സര്‍ക്കാരുകളൊന്നും ചെട്ടിയയെ ഇന്ത്യയിലേക്കയക്കാന്‍ താല്‍പര്യമെടുത്തില്ല.
ഉള്‍ഫ നേതാവ് അനൂപ് ചെട്ടിയയെ കൈമാറിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it