ഉളി പിടിക്കാന്‍ പെണ്‍കരുത്തുമായി കുരുന്നു കൈകള്‍

അയ്യൂബ് സിറാജ്

കൊല്ലം: ഉളിയും ചുറ്റികയും മുഴക്കോലുമൊക്കെയായി പണിയുന്ന ആശാരിമാരെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍, വളയിട്ട കൈകള്‍കൊണ്ട് ഇതൊക്കെ നിഷ്പ്രയാസം സാധ്യമാക്കുന്ന കുരുന്നുകള്‍ ശാസ്‌ത്രോല്‍സവത്തിലെ വേദികളില്‍ വേറിട്ട കാഴ്ചയായിരുന്നു. യുപി വിഭാഗത്തില്‍ മൂന്നു പെണ്‍കൊടികളാണ് ഉളിയും ചുറ്റികയുമൊക്കെയായി വുഡ്‌വര്‍ക്ക് വിഭാഗത്തില്‍ പെണ്‍കരുത്തിലെ സാന്നിധ്യമായത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള കുന്നംകുളം എച്ച്‌സിസിജി യുപി സ്‌കൂളിലെ ദേവു വിജയന്‍, കാസര്‍കോട് അലത്തിട്ട യുപിഎസിലെ ആറാം ക്ലാസുകാരി ഹരിപ്രിയ, കോട്ടയം പെല്ലാവൂര്‍ എസ്എന്‍യുപിഎസിലെ സുനീഷ സുരേഷ് എന്നിവരാണ് പ്രവൃത്തിപരിചയ മേളയിലെ തല്‍സമയ നിര്‍മാണ മല്‍സരത്തിലുണ്ടായിരുന്നത്.
തൃശൂര്‍കാരി ദേവു വിജയന് പിതാവിന്റെ തൊഴില്‍ കണ്ടാണ് തടിപ്പണിയില്‍ താല്‍പര്യം തോന്നിയത്. കുഞ്ഞുകൈകള്‍ കൊണ്ട് മനോഹരമാക്കിയ ബെഞ്ചും ഡെസ്‌കും നോക്കി തടിയില്‍ ദ്വാരമിടാന്‍ കഷ്ടപ്പെട്ടുവെന്നു പരിതപിക്കുകയായിരുന്നു മല്‍സര ശേഷം ഈ ആറാം ക്ലാസുകാരി. എന്നാലും മല്‍സര സമയം തീരുന്നതിന് മുമ്പുതന്നെ എല്ലാം പൂര്‍ത്തിയായതിന്റെ സന്തോഷവും കൊച്ചുമിടുക്കി മറച്ചുവച്ചില്ല.
കാസര്‍കോട്ടു നിന്നുള്ള ഹരിപ്രിയയും പിതാവിന്റെ പാരമ്പര്യമുള്‍ക്കൊണ്ടു മുന്നേറിയതാണ്. മല്‍സരത്തിന്റെ അവസാന സമയത്തും മിനുക്കു പണിയിലായിരുന്നു ഹരിപ്രിയ. അതേ സമയം കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച സുനീഷ സുരേഷ് വേദിയെ ദുഃഖത്തിലാഴ്ത്തി. ആത്മവിശ്വാസത്തോടെ മുന്നേറിയ സുനീഷയുടെ കൈ ഉളി തട്ടി മുറിഞ്ഞു. ഒരു മണിക്കൂറോളം മല്‍സരത്തില്‍ നിന്നു വിട്ടുനിന്ന സുനീഷയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അധ്യാപകരും കൂട്ടുകാരും ചേര്‍ ന്നാണ് സുനീഷയെ ഒരുവിധം സമാധാനിപ്പിച്ചത്.
Next Story

RELATED STORIES

Share it