ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

ശബരിമല: പത്തു ദിവസത്തെ ഉല്‍സവത്തിനായി ക്ഷേത്രനട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. തുടര്‍ന്ന് കൊടിയേറ്റിനു ദേവനെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രിയകളും മുളപൂജയും നടക്കും. ഉല്‍സവത്തിനു 14ന് രാവിലെ 10.20നും 11നും മധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറും. അന്നു വൈകീട്ട് ദീപാരാധനയ്ക്കു ശേഷം മുളപൂജ നടക്കും.
രണ്ടാം ഉല്‍സവമായ 15 മുതല്‍ പള്ളിവേട്ടയായ 22 വരെ 11.30ന് ഉല്‍സവബലി. ഒന്നു മുതല്‍ 2.30 വരെ ഉല്‍സവബലി ദര്‍ശനം. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകം 9.30 വരെ മാത്രം. 22 വരെ അത്താഴ പൂജയ്ക്കു ശേഷം ശ്രീഭൂതബലി നടക്കും. അഞ്ചാം ഉല്‍സവം മുതല്‍ ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പും നടക്കും. 22നു രാത്രിയില്‍ പള്ളിവേട്ടയ്ക്കായി ദേവനെ ശരംകുത്തിയിലേക്ക് എഴുന്നള്ളിക്കും. ഉല്‍സവത്തിനു സമാപനം കുറിച്ച് 23ന് 11.30ന് പമ്പയില്‍ ആറാട്ട്. ആറാട്ടിനായി ഒമ്പതിന് പമ്പയിലേക്ക് പുറപ്പെടും. അന്നു പുലര്‍ച്ചെ 5.20 മുതല്‍ ഏഴു വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവൂ. ആറാട്ടിനു ശേഷം ദേവനെ പമ്പാ ഗണപതികോവിലില്‍ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തര്‍ക്കു പറവഴിപാട് സമര്‍പ്പിക്കാം.
മൂന്നിനു തിരിച്ചെഴുന്നള്ളിക്കും. 6.30ന് സന്നിധാനത്തില്‍ എത്തും. പതിനെട്ടാംപടി കയറിയ ശേഷം ഉല്‍സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും. പിന്നെ ദേവനെ അകത്തേക്ക് എഴുന്നള്ളിച്ച് ദീപാരാധനയും മറ്റു പൂജകളും നടത്തും.
Next Story

RELATED STORIES

Share it