ernakulam local

ഉല്‍സവഛായയില്‍ കൊച്ചിയുടെ തെരുവുല്‍സവം നാളെ

കൊച്ചി: കെഎംആര്‍എല്ലിന്റെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ നഗരത്തിന്റെ ഉല്‍സവമായി നാളെ 'കൊച്ചിയുടെ തെരുവുല്‍സവം' സംഘടിപ്പിക്കുന്നു. രാവിലെ 6.30 മുതല്‍ 10.30 വരെയാണ് പരിപാടി സംഘടിപ്പിക്കുക.
ഈ സമയം ഷണ്‍മുഖം റോഡിന് പടിഞ്ഞാറുവശത്തെ റോഡില്‍ ഗതാഗതം നിയന്ത്രിച്ചശേഷമാവും ഹൈക്കോര്‍ട്ട് ജങ്ഷന്‍ മുതല്‍ ഹോട്ടല്‍ താജ് ഗേറ്റ്‌വേ വരെയുള്ള റോഡിലാണ് തെരുവുല്‍സവം സംഘടിപ്പിക്കുക. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ആഘോഷച്ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
നടന്‍ നിവിന്‍ പോളി മുഖ്യാതിഥിയായിരിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജര്‍ ടെറി ഫെലാന്‍, കെഎംആര്‍എല്‍ അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗൂര്‍ഗയൂണ്‍, ഭുവനേശ്വര്‍, ബാംഗലൂരു തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ 'രാഹ്ഗിരി' എന്ന പേരില്‍ ഇത്തരം തെരുവുല്‍സവങ്ങള്‍ നടത്തിവരാറുണ്ട്. '
തെരുവുകളിലേക്ക് ജനങ്ങളെ തിരികെയെത്തിക്കുക' എന്നാണ് 'രാഹ്ഗിരി' എന്ന വാക്കിനര്‍ത്ഥം. പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യം ഓര്‍മപ്പെടുത്താന്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് പകരമായി സൈക്ലിങ്, നടത്തം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെരുവുല്‍സവം നടത്തി വരുന്നത്.
ലോകത്തിലെ പ്രമുഖ നഗരങ്ങളിലെ പോലെ നഗരത്തിലെ ചെറുയാത്രകള്‍ക്ക് കാറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക വഴി പൊതുഗതാഗതം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടമായാണ് തെരുവുല്‍സവം സംഘടിപ്പിക്കുക. വോട്ടവകാശത്തെക്കുറിച്ച് എല്ലാ വോട്ടര്‍മാരെയും ബോധവാന്‍മാരാക്കുകയെന്നതാണ് കൊച്ചിയുടെ തെരുവുല്‍സവത്തിന്റെ മറ്റൊരു പ്രാധാന്യം.
ടെറി ഫെലാന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ഡ്രിബ്ലിങ് സെഷനുകളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഫുട്‌ബോള്‍ മല്‍സരങ്ങളും സംഘടിപ്പിക്കും.
കുട്ടികള്‍ക്ക് പട്ടം നിര്‍മാണം പഠിപ്പിക്കുന്ന സെഷനുകള്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരുടെ കലാസൃഷ്ടികള്‍, പെപ്പി ട്യൂണ്‍സ് അവതരിപ്പിക്കുന്ന ഗാനമേള, പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോബി ചാക്കോ ലൈവ് കാരിക്കേച്ചറുകള്‍, യോഗ, എയറോബിക്‌സ് സെഷനുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ വിവിധ പരിപാടികളാണ് കൊച്ചിക്കാരെ കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it