wayanad local

ഉല്‍പ്പാദനം കൂടി; തേയിലയുടെ വിലയിടിഞ്ഞു; ചെറുകിട കര്‍ഷകരുടെ ജീവിതം വഴിമുട്ടി

കല്‍പ്പറ്റ: ഉല്‍പ്പാദനം കൂടിയതോടെ തേയിലയുടെ വിലയിടിഞ്ഞു. ഇതോടെ ദുരിതത്തിലായത് ചെറുകിട കര്‍ഷകര്‍. വിലയിടിവിനെ തുടര്‍ന്ന് ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്. കാലാസ്ഥ അനുകൂലമായതോടെയാണ് ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടായത്. വില ഇല്ലാത്തതിനാല്‍ ഇതിന്റെ നേട്ടം കര്‍ഷകര്‍ക്കില്ല. ഒമ്പതു രൂപയാണ് ഇപ്പോള്‍ ഒരുകിലോ കൊളുന്തിന് ലഭിക്കുന്നത്. ഇതില്‍ ഏഴുരൂപ മാത്രമാണ് ആദ്യം ലഭിക്കുക. ബാക്കി തുക ഒരുമാസത്തിന് ശേഷം കൊളുന്ത് മൊത്തമായി എടുക്കുന്ന ഏജന്റ് നല്‍കും.

വിലയിടിഞ്ഞതിനാല്‍ കൊളുന്ത് നുള്ളുന്നതിന് കൂലി നല്‍കാന്‍പോലും കര്‍ഷകര്‍ക്കാവുന്നില്ല. ഇതിനാല്‍ പലയിടത്തും കര്‍ഷകര്‍ വിളവെടുപ്പുതന്നെ നിര്‍ത്തിയിരിക്കുകയാണ്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുമില്ല. കൊളുന്തിന് കിലോയ്ക്ക് കുറഞ്ഞത് 20 രൂപയെങ്കിലും ലഭിച്ചാലേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഉല്‍പ്പാദനച്ചെലവും ഉയര്‍ന്ന കൂലിയുമാണ് ചെറുകിട കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. രണ്ടുമാസം മുമ്പ് കലക്ടര്‍ ഇടപ്പെട്ട് കൊളുന്തിന് 10 രൂപ തറവില നിശ്ചയിച്ചിരുന്നു. എന്നാല്‍, ഈ വില നല്‍കാന്‍ ഏജന്റുമാര്‍ തയ്യാറല്ല. നല്‍കുന്ന കൊളുന്തിന് മൂപ്പ് കൂടിയെന്ന കാരണം പറഞ്ഞ്, വിലയില്‍ 20 ശതമാനം കുറവുചെയ്യുന്ന അവസ്ഥയുമുണ്ട്. എന്നാല്‍, കര്‍ഷകരുടെ അവസ്ഥ മുതലെടുത്ത് വന്‍കിട ഫാക്ടറികളാണ് നേട്ടമുണ്ടാക്കുന്നത്.

കര്‍ഷകരില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് കൊളുന്ത് വാങ്ങി പൊടിയാക്കി ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്. സീസണില്‍ ഒരേക്കറില്‍നിന്നു മൂന്നു മുതല്‍ നാലു ടണ്‍ വരെയാണ് ഉല്‍പ്പാദനം. കൊളുന്ത് നുള്ളുന്നവര്‍ക്ക് 300 രൂപയാണ് ദിവസക്കൂലി. ചപ്പ് ഉണ്ടെങ്കില്‍ ഒരു ദിവസം ശരാശരി 30 കിലോഗ്രാം കൊളുന്താണ് നുള്ളുക. ഇപ്പോഴത്തെ വിലയനുസരിച്ച് ഇതു കൂലിക്കുപോലും തികയില്ല. മറ്റ് ചെലവുകള്‍ ഇതിനു പുറമെയാണ്. വര്‍ഷത്തില്‍ നാലു തവണയെങ്കിലും രാസവളം പ്രയോഗിക്കണം. വളത്തിന്റെ വര്‍ധിച്ച വില കര്‍ഷകരുടെ നടുവൊടിക്കുന്നതാണ്. 15 ദിവസം ഇടവിട്ട് കീടനാശിനി പ്രയോഗിച്ചാലേ കേടുകൂടാതെ കൊളുന്ത് ലഭിക്കൂ.

സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരുന്നു. കേരളത്തിലെ 25,000ത്തോളം വരുന്ന ചെറുകിട തേയില കര്‍ഷകരോട് കൃഷിവകുപ്പും കേന്ദ്ര ടീ ബോര്‍ഡും കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. പ്രശ്‌നം ടീ ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല. കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിക്കുമ്പോഴും ടീ ബോര്‍ഡില്‍നിന്ന് കര്‍ഷകര്‍ക്ക് സഹായം ലഭിക്കാറില്ല.

പ്രശ്‌നത്തിന് പരിഹാരം തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും കേന്ദ്ര ദുരന്തനിവാരണ സമിതിയെ സമീപിക്കണമെന്ന നിര്‍ദേശമാണ് കര്‍ഷകര്‍ക്കു ലഭിച്ചത്. ദേശവ്യാപകമായി ഉണ്ടാവുന്ന കൃഷിനാശത്തിന് മാത്രമേ സഹായം നല്‍കാന്‍ കഴിയൂവെന്ന നിലപാടാണ് ടീ ബോര്‍ഡ് സ്വീകരിക്കുന്നത്. തേയില കൃഷി വ്യവസായവകുപ്പിന്റെ കീഴിലായതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും.
Next Story

RELATED STORIES

Share it