kannur local

ഉരുവച്ചാലിലും ആക്രമണം; നിരവധിപേര്‍ക്കു പരിക്ക്

ഉരുവച്ചാല്‍: സിപിഎം വിജയാഹ്ലാദ പ്രകടനം നടത്തിയ വാഹനത്തിന് നേരെ ആക്രമണം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഉരുവച്ചാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ തകര്‍ത്തു. വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. കരേറ്റയില്‍ ബിജെപിയുടെ വായനശാല ആക്രമിച്ചു.
നീര്‍വേലി 13ാം മൈലില്‍ ബസ്‌സ്റ്റോപ് തകര്‍ത്തു. കരേറ്റയില്‍ ബോംബേറ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വിജയ ആഹ്ലാദ പ്രകടനവുമായി സിപിഎം പ്രവര്‍ത്തകര്‍ വാഹനത്തില്‍ നീര്‍വേലി എളക്കുഴി ഭാഗത്തേക്ക് പോയ സമയം ആയുധങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടയുകയും രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ ഉരുവച്ചാലിലെ ബാബൂട്ടി(30), ശിജിന്‍ എന്ന കുട്ടന്‍(30), കല്ലേറില്‍ പരിക്കേറ്റ കരേറ്റയിലെ എം സി ജയകൃഷ്ണന്‍(45) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏളക്കുഴി ഭാഗത്തേക്ക് സിപിഎം പ്രവര്‍ത്തകരുടെ വാഹനം പോവുന്നതിനാലാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പിന്നീട് ഉരുവച്ചാലിലെ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ കട തകര്‍ത്തു. നിഖിലിന്റെ മോഡേണ്‍ ഇലക്ട്രോണിക്‌സ് കടയും പത്മനാഭന്റെ ബാര്‍ബര്‍ ഷോപ്പുമാണ് തകര്‍ത്തത്. ഉരുവച്ചാലിലും, എളക്കുഴിയിലും മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. വിനയന്‍, പ്രമോദ്, രാഹുല്‍ എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരേറ്റയില്‍ ഇരു വിഭാഗവും തമ്മില്‍ ബോംബേറുണ്ടായി. കരേറ്റ പാലത്തിന് സമീപം ബിജെപിയുടെ വായനശാലയും നീര്‍വേലി 13ാം മൈലിലെ ബസ്‌സ്റ്റോപ്പും കരേറ്റയിലെ പാല്‍ സൊസൈറ്റിക്ക് നേരെയും അക്രമം നടന്നു. ആഹ്ലാദ പ്രകടന വാഹനങ്ങള്‍ക്ക് നേരെ കരേറ്റയിലും നീര്‍വേലിയിലും കല്ലേറുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നീര്‍വേലി ഏളക്കുഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ മനോഹരന്റെ വീടിന് നേരെ കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കരേറ്റ മോതാരയിലെ ജാനകിയുടെ വീടിന് നേരെയും ബോംബേറ് നടന്നു. ഉരുവച്ചാലില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു. ടാക്‌സ് ബസ് സര്‍വീസുകള്‍ കുറഞ്ഞതോടെ യാത്രാക്കാരും വലഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉരുവച്ചാലില്‍ പോലിസ് ക്യാംപ് ചെയ്തു വരികയാണ്. ബാവോട്ട് പാറയില്‍ ആഹ്ലാദ പ്രകടനവുമായി ബൈക്കില്‍ പോവുകയായിരുന്ന സിപിഎം പ്രവര്‍ത്തകനു നേരെ ബോംബെറിഞ്ഞു. സിധു, സജീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏളക്കുഴിയില്‍ കാറിന്റെ ചില്ല് തകര്‍ത്തു. കരേറ്റയിലെ അഖിലേഷിന്(32) വെട്ടേറ്റ് പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാവോട്ടു പാറയില്‍ ഫഌവര്‍മില്ലിന് നേരെയും അക്രമം.
Next Story

RELATED STORIES

Share it