malappuram local

ഉമ്മയും മകനും ഉള്‍പ്പെടുന്ന മോഷണസംഘം പിടിയിലായി

എടക്കര: ഉമ്മയും മകനും ഉള്‍പ്പെടുന്ന വന്‍ മോഷണ സംഘം വഴിക്കടവ് പോലിസിന്റെ പിടിയിലായി. വഴിക്കടവ് സ്വദേശിയും ഇപ്പോള്‍ കുന്ദമംഗലത്ത് താമസിക്കുന്ന മഠത്തൊടി അസ്മാബി(38), മകന്‍ സാദിഖലി(18) തിരൂര്‍ നിറമരുതൂര്‍ പഞ്ചാരമൂല ജനത ബാസാര്‍ അരീക്കാട്ടില്‍ മുഹമ്മദ് ആഷിഖ്(22), ബത്തേരി നൂല്‍പ്പുഴ മുത്തങ്ങ കാളങ്കണ്ടി അജ്മല്‍ (20), എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി വഴിക്കടവ് പോലിസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ പിടിയിലായത്. ഇവരില്‍ ഒരാളുടെ കൈവശം മീഡിയാ വണ്ണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ട്രാവല്‍ ബാഗില്‍ നിന്നും നാല് സിം കാര്‍ഡുകളും വിലകൂടിയ മൊബൈല്‍ ഫോണും, കുറെയധികം ചാര്‍ജറുകളും, പവര്‍ ബാങ്ക് തുടങ്ങിയവയും കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരങ്ങള്‍ പുറത്തായത്. 2015 ജൂണ്‍ 6ന് വഴിക്കടവ് കെട്ടുങ്ങലിലെ വിവാഹ വീട്ടില്‍ മുറിക്കകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഉണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍, അഞ്ച് പവന്‍ സ്വര്‍ണാഭരണം, പണം, എടിഎം കാര്‍ഡുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് സംഘം മോഷ്ടിച്ചിരുന്നത്. അജ്മലിന്റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ കല്യാണ വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. ജനുവരി 13ന് തിരൂര്‍ ടൗണ്‍ ഹാള്‍ പളളിയില്‍ നിന്നും സാദിഖും ആഷിഖും കൂടിയാണ് മോഷണം നടത്തിയത്.
ജനുവരി 15ന് കൊണ്ടോട്ടി ടൗണ്‍ പളളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് ലഭിച്ച ആയിരത്തോളം രൂപയുടെ നാണയങ്ങള്‍ ആഷിഖിന്റെ ബാഗില്‍ നിന്നു കണ്ടെടുത്തു. സാദിഖലി മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അസ്മാബിയാണ് ബാങ്കില്‍ പണയം വയ്ക്കുന്നത്. അസ്മാബിക്ക് 7 വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളുമുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയേയും അസ്മാബിയേയും നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സിഐ കെ ബഷീര്‍, വഴിക്കടവ് എസ്‌ഐ ഹരികൃഷ്ണന്‍, പ്രതേ്യക അനേ്വഷണ സംഘത്തിലെ അംഗം എം അസൈനാര്‍, ഷാഡോ പോലിസ് ടീം അംഗം സജീവ്, മഞ്ചേരി സ്റ്റേഷനിലെ സിപിഒമാരായ സുനില്‍, സലീല്‍ ബാബു, സുനിത, ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it