ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച്  ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സാമുദായിക പരിഗണനയുടെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയലിനു പിന്നാലെ സമാനരീതിയിലുള്ള പരോക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗത്തെയും സമഭാവനയില്‍കണ്ട് തുല്യനീതി ഉറപ്പുവരുത്തിയ നേതാവായിരുന്നു കരുണാകരനെന്നാണ് ഫേസ്ബുക്കിലൂടെ ചെന്നിത്തല അനുസ്മരിക്കുന്നത്.
വികസനം എന്നത് വെറുമൊരു പ്രചാരണായുധമല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാവണമെന്ന് കരുണാകരനു നിര്‍ബന്ധമുണ്ടായിരുന്നു. ആരെയും അഴിച്ചുവിടാതെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തി, ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ആളായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു. കരുണാകരന്റെ ഓര്‍മകള്‍ക്ക് മുമ്പത്തെക്കാള്‍ പ്രസക്തിയുള്ള കാലഘട്ടമാണിത് എന്നു പറഞ്ഞാണ് ചെന്നിത്തല പോസ്റ്റ് ആരംഭിക്കുന്നത്. ജനകീയനായ ഒരു രാഷ്ട്രീയനേതാവിന് എങ്ങനെ ശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരനെന്നും ചെന്നിത്തല പറയുന്നു.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിക്കാന്‍ കൂട്ടുനിന്നതില്‍ മാപ്പു ചോദിച്ചുകൊണ്ട് ചെറിയാന്‍ ഫിലിപ്പും ഫേസ്ബുക്ക് പ്രതികരണം നടത്തി. കരുണാകരന്റെ അഞ്ചാം ചരമദിനമായ ഇന്നലെയാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ കരുണാകരനോടു മാപ്പുചോദിച്ചത്. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാവേണ്ടിവന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നുവെന്നാണ് പോസ്റ്റ്. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തില്‍ കുറ്റബോധം വേട്ടയാടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമദിനത്തില്‍ ക്ഷമാപണത്തിനു മുതിരുന്നത്.
1994- 95 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിലെ എ വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമധ്യത്തില്‍ താറടിച്ചത്. കരുണാകരനെതിരേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കുറ്റപത്രം സമര്‍പ്പിക്കുകയും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാവേണ്ടതാണെന്നും ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരേ ഒളിയമ്പുമായി വി ഡി സതീശന്‍ എംഎല്‍എയും രംഗത്തെത്തി. കെ കരുണാകരന്‍ സാമുദായികശക്തികളെ നിലയ്ക്കു നിര്‍ത്തിയിരുന്നുവെന്ന് ലീഡര്‍ കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ പാലക്കാട് ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കെ കരുണാകരന്‍ ആറാം ചരമദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ സതീശന്‍ പറ ഞ്ഞു. കരുണാകരന്റെ പാത പിന്തുടരാന്‍ ആവാത്തതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്നും കോണ്‍ഗ്രസ് മുഖപത്രത്തിലെ ഇന്നലത്തെ മുഖപ്രസംഗത്തോടു യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it