kannur local

ഉമ്മന്‍ചാണ്ടിയുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയം: വിമതരില്‍ സഹികെട്ട് കോണ്‍ഗ്രസ്; പുറത്താക്കപ്പെട്ടവര്‍ പാരയാവും

കണ്ണൂര്‍: പാര്‍ട്ടി സംവിധാനത്തെ വെല്ലുവളിച്ച് വിമതപ്രവര്‍ത്തനവുമായി മുന്നോട്ടുപോയ പി കെ രാഗേഷ് ഉള്‍പ്പെടെ നാലുപേരെ കോണ്‍ഗ്രസ് പുറത്താക്കിയത് സഹികെട്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ് പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി കെ രാഗേഷ്. ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ചാണു രാഗേഷിന്റെ വിമത പ്രവര്‍ത്തനം. ഒരുകാലത്ത് കെ സുധാകരന്റെ ഉറ്റ അനുയായിരുന്ന രാഗേഷ് പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് അകലുന്നത്. ഇത് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലുമെത്തി. പള്ളിക്കുന്ന് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പഞ്ഞിക്കീല്‍ വാര്‍ഡ് കോണ്‍ഗ്രസ് ലീഗിനു വിട്ടുനല്‍കിയതോടെ അഭിപ്രായവ്യത്യാസം മുര്‍ധന്യത്തിലെത്തി.
തുടര്‍ന്ന് പി കെ രാഗേഷ് വിമതനായി പഞ്ഞിക്കീല്‍ ഡിവിഷനില്‍ മല്‍സരിക്കുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയതോടെ കണ്ണൂരിന്റെ പ്രഥമ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിപിഎമ്മിന് ലഭിച്ചു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ രാഗേഷ് വിട്ടുനിന്നു. ലീഗിലെ സി സമീര്‍ നറുക്കെടുപ്പില്‍ ഡെപ്യൂട്ടി മേയറുമായി. പിന്നീട് നടന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് യുഡിഎഫിന് പിന്തുണനല്‍കി. രാഗേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പി കെ രാഗേഷ് വീണ്ടും പാര്‍ട്ടിക്കെതിരേ തിരിഞ്ഞത്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും പാര്‍ട്ടിയില്‍ കെ സുധാകരന്റെ അപ്രമാദിത്വമാണെന്നും ആരോപിച്ചാണ് വിമതനീക്കം സജീവമാക്കിയത്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കണ്ണൂര്‍, അഴിക്കോട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നും രാഗേഷ് വെല്ലുവിളിച്ചു. കഴിഞ്ഞയാഴ്ച കണ്ണൂര്‍ ഐഎംഎ ഹാളില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.
ഇതോടെ ലീഗ്-കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒത്തുതീര്‍പ്പുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കാസര്‍കോട്ടേക്കുള്ള യാത്രാമധ്യേ കണ്ണൂരിലെത്തി ഉമ്മന്‍ചാണ്ടി പി കെ രാഗേഷുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കം അപ്രായോഗികമായ ആവശ്യങ്ങളാണ് പി കെ രാഗേഷ് ഉന്നയിച്ചത്. ഇത് അവസാനവട്ട ചര്‍ച്ചയാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നെങ്കിലും രാഗേഷ് അയഞ്ഞില്ല. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം തീരുമാനമെടുത്തത്.
എട്ടാം തവണയും ഇരിക്കൂറില്‍ നിന്ന് മല്‍സരിക്കാനുള്ള കെ സി ജോസഫിന്റെ തീരുമാനത്തിനെതിരേ മുന്‍ മണ്ഡലം പ്രസിഡന്റ് കെ ആര്‍ അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തില്‍ സേവ് കോണ്‍ഗ്രസ് ഫോറവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നതും പാര്‍ട്ടിക്ക് തലവേദനയായി.
വിമതപ്രവര്‍ത്തനം വച്ചുപൊറുപ്പിച്ചാല്‍ കെ സി ജോസഫിന്റെ ജയസാധ്യതയെ ബാധിക്കുമെന്ന് കണ്ടാണ് അബ്ദുല്‍ഖാദറിനെ പുറത്താക്കിയത്. എന്നാല്‍ ക ണ്‍വന്‍ഷനില്‍ പങ്കെടുത്ത മറ്റുപ്രാദേശിക നേതാക്കള്‍ക്കെതിരേ അച്ചടക്കനടപടിയെടുത്തിട്ടില്ല.35 വര്‍ഷം പൂര്‍ത്തിയാക്കി എട്ടാം തവണയും ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ സി ജോസഫിനെ മാറ്റിയില്ലെങ്കില്‍ ഇത്തവണ ജനം മാറ്റുമെന്ന് കഴിഞ്ഞ ദിവസം നടന്ന സേവ് കോണ്‍ഗ്രസ് ഫോറം മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇരിക്കൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ജോസ്ഫാണ് ഉദ്ഘാടനം ചെയ്തത്. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ ആര്‍ അബ്ദുല്‍ ഖാദര്‍, ജോസ് പള്ളിക്കാമാലില്‍, നൗഷാദ് കാരോത്ത്, പ്രദീഷ് പുത്തൂര്‍ പങ്കെടുക്കുകയും ചെയ്തു.
ജില്ലയില്‍ കോണ്‍ഗ്രസ് വിജയസാധ്യത കാണുന്ന ഇരിക്കൂര്‍, കണ്ണൂര്‍, അഴീക്കോട് എന്നിവിടങ്ങളിലെ വിമതപ്രവര്‍ത്തനം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പി കെ രാഗേഷിന്റെ ശക്തികേന്ദ്രമായ പള്ളിക്കുന്ന് അഴീക്കോട് മണ്ഡലത്തിലാണ്. കഴിഞ്ഞ തവണ കെ എം ഷാജി 493 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് വോട്ടില്‍ വിള്ളല്‍ വീണാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സാധ്യത മങ്ങുമെന്ന് ഉറപ്പാണ്. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ പി കെ രാഗേഷ്, ഇരിക്കൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ് കെ അബ്ദുല്‍ഖാദര്‍, യൂത്ത്‌കോണ്‍ഗ്രസ് അഴിക്കോട് മണ്ഡലം പ്രസിഡന്റ് കായക്കൂല്‍ രാഹുല്‍, പ്രദീപ്കുമാര്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്.
Next Story

RELATED STORIES

Share it