Kollam Local

ഉമയനല്ലൂര്‍ ക്ഷേത്രത്തില്‍ ആനവാല്‍പ്പിടി നടന്നു

കൊല്ലം: ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂര്‍ ക്ഷേത്രത്തിലെ ആനവാല്‍പിടി ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു.

ഉമയനല്ലൂര്‍ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചാണ് ചരിത്രപ്രസിദ്ധമായ ആനവാല്‍പിടി ചടങ്ങ് നടന്നത്. സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാലലീലകളെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്തിനുശേഷം ഉച്ചക്ക് 12 നുശേഷമാണ് ചടങ്ങ് നടന്നത്. എഴുന്നള്ളത്തിനുശേഷം ആനച്ചമയങ്ങള്‍, ഇടച്ചങ്ങല എന്നിവ അഴിച്ചുവച്ച് തൃക്കടവൂര്‍ ശിവരാജന്‍ എന്ന ആനയാണ് ഇത്തവണ ഗജമുഖനായത്. ആനച്ചമയവും കഴുത്തിലെ വട്ടക്കയറും അഴിച്ചുമാറ്റി ക്ഷേത്രം ശാന്തി കരിവീരന് നിദേവ്യം നല്‍കി. പുതുവസ്ത്രമണിഞ്ഞ പാപ്പാന്‍ ആനപ്പുറത്ത് കയറി. പൂര്‍ണസ്വതന്ത്രനായ കരിവീരനെ പാപ്പാന്‍ ആനക്കൊട്ടിലില്‍ എത്തിച്ചു. തുടര്‍ന്ന് മൂന്നുതവണ ക്ഷേത്രത്തില്‍ ശംഖുനാദം മുഴക്കി. ചിഹ്നംവിളിച്ചുകൊണ്ട് ശിവരാജു ഇടത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറെക്കാവ് ലക്ഷ്യമാക്കി ഓടി. പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളില്‍ വ്രതമെടുത്ത ഭക്തജനങ്ങള്‍ ആനയുടെ വാലില്‍ പിടിക്കാനായി പിന്നാലെ ഓടിത്തുടങ്ങി. ആനയുടെ വാല്‍തൊട്ട് വന്ദിച്ച് മുരുകഭക്തര്‍ അനുഗ്രഹം നേടി. നിമിഷങ്ങള്‍ക്കുള്ളില്‍ തീരുന്ന ഭക്തിനിര്‍ഭരമായ കാഴ്ചയാണ് ആനവാല്‍പിടി. പടിഞ്ഞാറെ കാവിനുസമീപം സ്‌റ്റേജിനുമുന്നില്‍ ആന ഓടിയെത്തുന്നതോടെ ആനവാല്‍പിടി ചടങ്ങുകള്‍ക്ക് സമാപനമായി. വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ് ആനവാല്‍പിടി ദര്‍ശിക്കാനത്തെിയത്. ആനവാല്‍പിടിക്കുശേഷം മഹാപ്രസാദ ഊട്ടും നടന്നു.
Next Story

RELATED STORIES

Share it