ഉപസമിതി തെളിവെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മാനന്തവാടി: ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കരിമഷി പ്രയോഗം നടത്തി. മാനന്തവാടി ഫോറസ്റ്റ് ഐബിയില്‍ നടന്ന തെളിവെടുപ്പിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
12 മണിയോടെയാണ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് ബാബു, വി എ നാരായണന്‍, എം വി ജാക്‌സണ്‍ എന്നിവര്‍ തെളിവെടുപ്പിനായി എത്തിയത്. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട വി കെ ജോസ്, സില്‍വി തോമസ്, ലേഖാ രാജീവന്‍ എന്നിവരും മൊഴി നല്‍കാനായി ഐബിയില്‍ എത്തിയിരുന്നു. വി കെ ജോസിനെ കമ്മീഷന്‍ തെളിവെടുപ്പിനായി വിളിച്ച സമയത്താണ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് വാക്ക് തര്‍ക്കം തുടങ്ങിയത്. ഈ സമയം ഐബിയുടെ വരാന്തയില്‍ സില്‍വി തോമസ്, ലേഖാ രാജീവന്‍ എന്നിവരുണ്ടായിരുന്നു. വാക്ക് തര്‍ക്കം രൂക്ഷമായതിനിടെയാണ് കരിമഷി പ്രയോഗമുണ്ടായത്.
ഇതേത്തുടര്‍ന്ന് തെളിവെടുപ്പ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ജോണിന്റെ ആത്മഹത്യയുടെയും തിരഞ്ഞെടുപ്പ് തോല്‍വിയുടേയും പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയരായവരില്‍ നിന്നും മൊഴിയെടുക്കില്ലെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്. ആരോപണവിധേയനായ ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് മൊഴി നല്‍കാന്‍ എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it