ഉപരാഷ്ട്രപതി നാളെ തലസ്ഥാനത്ത്

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന് നാളെ തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 12.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രാജ്ഭവനിലേക്കു പോവും. വൈകീട്ട് നാലിന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ ചിത്തിരതിരുനാള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീ ചിത്തിരതിരുനാള്‍ നാഷനല്‍ അവാര്‍ഡ് ടി പി ശ്രീനിവാസന് സമ്മാനിക്കും. അഞ്ചു മണിക്ക് മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണിഹാളില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആന്റ് ഇന്ത്യന്‍ പൊളിറ്റി ഇന്‍ പെര്‍സ്‌പെക്റ്റീവ് എന്ന പുസ്തകം പ്രകാശനം ചെയ്യും.
13ന് രാവിലെ 11.30ന് വര്‍ക്കല ശിവഗിരിയിലെത്തുന്ന ഉപരാഷ്ട്രപതി മഹാസമാധിയിലെത്തി ഗുരുദേവസ്മരണകളുണര്‍ത്തുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കും. 1916ല്‍ ആലുവ അദൈ്വതാശ്രമത്തില്‍നിന്ന് ഗുരുദേവന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ 'നമുക്ക് ജാതിയില്ല' എന്ന വിളംബരയാത്രയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ശിവഗിരിയില്‍ ഉപരാഷ്ട്രപതി നിര്‍വഹിക്കുന്ന പ്രധാന ചടങ്ങ്. ഗുരുദേവന്റെ സംസ്‌കൃതകൃതിയായ ദര്‍ശനമാലയുടെ ശതാബ്ദിയാഘോഷങ്ങളുടെയും ഗുരുദേവന്റെ ഷഷ്ഠിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് കുമാരനാശാന്‍ രചിച്ച ഗുരുസ്തവം എന്ന കൃതിയുടെ ശതാബ്ദിയാഘോഷങ്ങളുടെയും ഉദ്ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും.
വൈകീട്ട് മൂന്നിന് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളിലെ പരിപാടിക്ക് ശേഷം ഉപരാഷ്ട്രപതി 4.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.
Next Story

RELATED STORIES

Share it