ഉപരാഷ്ട്രപതിക്ക് സ്‌നേഹോഷ്മള വരവേല്‍പ്പ്

കൊച്ചി: ത്രിദിന കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം ഹാമിദ് അന്‍സാരിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മള സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെയും പത്‌നിയെയും സ്വീകരിച്ചു.
മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലംബ, ഡിജിപി ടി പി സെന്‍കുമാര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ജില്ല കലക്ടര്‍ എം ജി രാജമാണിക്യം, സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ടി പി വിജയകുമാര്‍, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, ഗവര്‍ണറുടെ പത്‌നി കമല സദാശിവം തുടങ്ങിയവരും ഉപരാഷ്ട്രപതിയെയും പത്‌നിയെയും സ്വീകരിക്കാനെത്തിയിരുന്നു.
ഇന്നു മലപ്പുറത്ത് ഉപരാഷ്ട്രപതി വാര്‍ഷിക മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കും. പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മാനവമൈത്രിയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനു സംഘടിപ്പിക്കുന്ന പരിപാടി ഇന്നുരാവിലെ 10ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
11.35ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കും. 12.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 1.20ന് രാജ്ഭവനിലെത്തും. വിശ്രമത്തിനുശേഷം വൈകീട്ട് നാലിന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ടി പി ശ്രീനിവാസന് ഉപരാഷ്ട്രപതി ശ്രീചിത്തിര തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും.
Next Story

RELATED STORIES

Share it