ഉപഭോക്തൃ സംരക്ഷണ ബില്ല് വൈകും

ന്യൂഡല്‍ഹി: പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ല് പാര്‍ലമെന്റ് പാസ്സാക്കുന്നത് വൈകും. ബില്ല് പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ കാലാവധി അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനം വരെ നീട്ടിയിട്ടുണ്ട്. രാജ്യസഭ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സമിതിയുടെ റിപോര്‍ട്ട് അവതരിപ്പിക്കാനുള്ള കാലാവധി ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലേക്കു മാറ്റിയതായി അറിയിച്ചത്.
കഴിഞ്ഞ ആഗസ്ത് 25നാണ് ബില്ല് പാര്‍ലമെന്ററി സമിതിക്ക് കൈമാറിയത്. മാഗി നൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരം ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞ 28നാണ് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാനും കൃത്യവിലോപം നടത്തുന്ന കമ്പനികളുടെ ലൈസന്‍സ് പിന്‍വലിക്കാനും കമ്പനിക്കെതിരേ കേസെടുക്കാനും അധികാരമുള്ള നിയന്ത്രണ സംവിധാനമുണ്ടാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
ഉപഭോക്താക്കളുടെ അവകാശം കൂടുതല്‍ സംരക്ഷിക്കുന്ന തരത്തില്‍ ബില്ലിനെ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജെ സി ദിവാകര്‍ റെഡ്ഡി പറഞ്ഞു. വസ്തുതകള്‍ സൂക്ഷ്മമായി ശേഖരിക്കേണ്ടതുണ്ട്. നിരവധി ഉപഭോക്താക്കളുമായും വിദഗ്ധരുമായും ബന്ധപ്പെടുകയും വേണം. അതിനു വേണ്ടിയാണ് കമ്മിറ്റിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടതെന്നും ദിവാകര്‍ റെഡ്ഡി പറഞ്ഞു. ബില്ല് ആഗസ്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it