ഉപതിരഞ്ഞെടുപ്പ്: എസ്പിക്കും കോണ്‍ഗ്രസ്സിനും തിരിച്ചടി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും സമാജ് വാദി പാര്‍ട്ടി(എസ്പി)ക്കും തിരിച്ചടി. ഉത്തര്‍പ്രദേശ്, കര്‍ണാടക, സംസ്ഥാനങ്ങളിലെ മൂന്നു വീതം മണ്ഡലങ്ങളിലും ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ത്രിപുര സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
യുപിയിലെ മുസഫര്‍നഗര്‍ മണ്ഡലം എസ്പിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയിലെ കപില്‍ദേവ് അഗര്‍വാള്‍ എസ്പിയിലെ ഗൗരവ് സ്വരൂപിനെ 7,352 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ദ യൂബന്ദ് സീറ്റും എസ്പിക്ക് നഷ്ടമായി. എസ്പി സ്ഥാനാര്‍ഥി മീന റാണയെ കോണ്‍ഗ്രസ്സിലെ മാവിയ അലിയാണ് ഇവിടെ പരാജയപ്പെടുത്തിയത്. എന്നാല്‍ ബികാപൂര്‍ മണ്ഡലം എസ്പി നിലനിര്‍ത്തി. പാര്‍ട്ടിയിലെ ആനന്ദ് സെ ന്‍ യാദവാണ് അവിടെ ജയിച്ചത്.
കര്‍ണാടകയിലെ ഹെബ്ബല്‍ മണ്ഡലം ബിജെപി നിലനിര്‍ത്തി. ദേവദുര്‍ഗ, ബിദാര്‍ മണ്ഡലങ്ങള്‍ ഇരുപാര്‍ട്ടികളും പരസ്പരം പിടിച്ചെടുത്തു. സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിലും എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളി(എസ്)ന് കെട്ടിവച്ച തുക നഷ്ടപ്പെട്ടു.
ബിഹാറിലെ മൂന്നു മാസം മുമ്പ് അധികാരത്തിലേറിയ ആര്‍ജെഡി, ജെഡി(യു)-കോണ്‍ഗ്രസ് മഹാസഖ്യത്തിന് ആഘാതമേല്‍പിച്ച് ഹര്‍ലഖി മണ്ഡലത്തില്‍ ബിജെപി-ആര്‍എല്‍എസ്പി സഖ്യ സ്ഥാനാര്‍ഥിയാണ് ജയിച്ചത്.
കോണ്‍ഗ്രസ്സിലെ മുഹമ്മദ് സാബിറിനെയാണ് 18, 560 വോട്ടുകള്‍ക്ക് ആര്‍എല്‍എസ്പിയിലെ സുധാരശു ശേഖര്‍ തോല്‍പിച്ചത്.
ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും അവിടുത്തെ ഭരണ കക്ഷികള്‍ തന്നെയാണ് വിജയിച്ചത്. മധ്യപ്രദേശിലെ മയ്ഹാള്‍ മണ്ഡലം കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയിലെ നാരായണ്‍ ത്രിപാലിയാണ് ഇവിടെ ജയിച്ചത്.
മഹാരാഷ്ട്രയിലെ പല്‍ഘര്‍ മണ്ഡലത്തില്‍ ശിവസേനയിലെ അമിത് ഖോദയും ജയിച്ചു. പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ ശിരോമണി അകാലിദളിലെ രവീന്ദ്രന്‍ സിങ് ബ്രാംപുരയും തെലങ്കാനയിലെ നാരായണഘട്ടില്‍ ടിആര്‍എസിലെ ദുപാല്‍ റെഡ്ഡിയും ത്രിപുരയിലെ ബീഗഞ്ജില്‍ സിപിഐഎമ്മിലെ പരിമള്‍ ദേവ്‌നാഥുമാണ് വിജയിച്ചത്.
Next Story

RELATED STORIES

Share it