ഉപചാരം ചൊല്ലി പൂരം പിരിഞ്ഞു

തൃശൂര്‍: ഒരു ജനത ഒന്നാകെ ആഹ്ലാദിച്ചു തിമിര്‍ത്ത മണ്ണിലെയും വിണ്ണിലെയും മഹാപൂരത്തിന് പരിസമാപ്തി. ശ്രീ വടക്കുന്നാഥനെയും അരയാലിനെയും പിന്നെ ശ്രീമൂലസ്ഥാനത്തു തടിച്ചുകൂടിയ പതിനായിരക്കണക്കിന് പൂരപ്രേമികളെയും സാക്ഷിയാക്കി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു.
അടുത്ത വര്‍ഷത്തിലെ മേടം നാളിലെ പൂരം നാളിനായി ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. പാറമേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ഭഗവതിയുടെയും പകല്‍ പൂരം എഴുന്നള്ളിപ്പുകള്‍ ശ്രീമൂലസ്ഥാനത്ത് എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് വടക്കുംന്നാഥ ക്ഷേത്ര പരിസരവും ശ്രീമൂലസ്ഥാനവും തട്ടകക്കാരടക്കമുള്ള പതിനായിരങ്ങളാല്‍ തിങ്ങിനിറഞ്ഞിരുന്നു.
15 വീതം ഗജവീരന്‍മാര്‍ അണിനിരന്ന എഴുന്നള്ളിപ്പുകള്‍ക്കും അകമ്പടിയായി രൗദ്രതാളം വാനോളമുയര്‍ത്തി അരങ്ങേറിയ പാണ്ടിമേളം കൊട്ടിക്കലാശിച്ച ശേഷമായിരുന്നു ഇരു ഭഗവതിമാരുടെയും ഉപചാരം ചൊല്ലല്‍. മേളക്കമ്പക്കാരെ മണിക്കൂറുകളോളം താള ലഹരിയിലാറാടിച്ച് 11.55ന് പാറമേക്കാവും പിന്നീട് 11.58ന് തിരുവമ്പാടിയും മേളം കൊട്ടിത്തീര്‍ത്തു. തുടര്‍ന്ന് തിരുവമ്പാടി ഭഗവതി വടക്കുംന്നാഥ ക്ഷേത്രത്തിലേക്കു വടക്കുംന്നാഥനെ വണങ്ങാനായി പോയപ്പോള്‍ പാറമേക്കാവ് ഭഗവതി ശ്രീമൂലസ്ഥാനത്ത് ദീപസ്തംഭത്തിനരികില്‍ നിലപാടുതറയില്‍ കാത്തുനിന്നു.
പിന്നീട് പാറമേക്കാവ് ഭഗവതി നടുവിലാലില്‍ പോയി തിരിച്ചെത്തി ശ്രീമൂലസ്ഥാനത്ത് തെക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ചു. ഈസമയം വടക്കുംന്നാഥനെ വണങ്ങി മതി ല്‍ക്കെട്ടിനകത്തു കാത്തുനിന്നിരുന്ന തിരുവമ്പാടി ഭഗവതി ശ്രീമൂലസ്ഥാനത്ത് തിരിച്ചെത്തി വടക്കോട്ട് അഭിമുഖമായി നിന്നു. ദേവസോദരിമാരുടെ കൂടിക്കാഴ്ച നടന്നതോടെ ശ്രീമൂലസ്ഥാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ ശിവസുന്ദറും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭനും തുമ്പിക്കൈ ഉയര്‍ത്തി യാത്രപറഞ്ഞു.
തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാരുടെ വികാരനിര്‍ഭരമായ ഉപചാരംചൊല്ലല്‍ കണ്ടുനിന്ന ആബാലവൃദ്ധം കാണികള്‍ ഹര്‍ഷാരവം മുഴക്കി. ഭഗവതിമാര്‍ വിടചൊല്ലിയതോടെ 36 മണിക്കൂര്‍ തുടര്‍ച്ചയായി അരങ്ങേറിയ മഹാപൂരം പെയ്‌തൊഴിഞ്ഞു. ഒരാണ്ടിന്റെ സ്വപ്‌നസാഫല്യവുമായെത്തിയ ദേവോല്‍സവം ഒരു ജനതയെ ആവേശക്കുട ചൂടിച്ച് കടന്നുപോയി. ജനസഹസ്രങ്ങള്‍ക്കു നിറക്കാഴ്ചയൊരുക്കിയ പ്രഭാപൂരം ഇനി വിരുന്നെത്തണമെങ്കില്‍ അടുത്ത മേടം നാളിലെ പൂരംനാള്‍ പുലരണം. അതായത് 2017 മെയ് അഞ്ചിന്. കോടതി നിര്‍ദേശമനുസരിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണു പൂരച്ചടങ്ങുകള്‍ അരങ്ങേറിയത്. കൊല്ലം വെടിക്കെട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയത്. സുരക്ഷാ നിര്‍ദേശം മാനിച്ച് ഉച്ചയ്ക്കുള്ള വെടിക്കെട്ട് ഉപചാരം ചൊല്ലിപ്പിരിഞ്ഞതിനു ശേഷമാക്കി ക്രമീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it