ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണ്ടെന്ന് സുപ്രിംകോടതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സംവരണം എടുത്തുകളയണമെന്നു സുപ്രിംകോടതി. പ്രവേശന മാനദണ്ഡം മെറിറ്റ് മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. സംവരണവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വസ്തുതാപരവും ഫലപ്രദവുമായ ചുവടുവയ്പുകള്‍ നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം സംവരണവിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം കൈക്കൊള്ളേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷമായിട്ടും ഇത്തരം ആനുകൂല്യം തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സംവരണം മെറിറ്റിന്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാവേണ്ട നിലവാരം സംവരണം മൂലം ഇല്ലാതാവുകയാണ്. മെച്ചപ്പെട്ട നിലവാരം ഉണ്ടാവണമെങ്കില്‍ സംവരണം എടുത്തുകളയണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം. നേരത്തെയും ഇത്തരത്തില്‍ കോടതി പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും സുപ്രിംകോടതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംവരണക്കാര്യം എത്രയും പെട്ടെന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട 1988ലെ രണ്ടു വിധികളും കോടതി ഓര്‍മിപ്പിച്ചു. മെഡിക്കല്‍ സ്ഥാപനങ്ങളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലെ സംവരണം സംബന്ധിച്ച കേസിലെ രണ്ടു വിധികളാണ് കോടതി പരാമര്‍ശിച്ചത്. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ജനിച്ചതോ സ്ഥിരതാമസമായതോ ആയ വിദ്യാര്‍ഥികള്‍ക്കു സംവരണം നല്‍കുന്നതിനെതിരേ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍, രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവേശന നടപടികളില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും നല്‍കിയിരിക്കുന്നതുപോലുള്ള പ്രത്യേക പരിഗണനകള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it