Editorial

ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് വീണ്ടെടുക്കണം

പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളില്‍ ഏറെ അഭിമാനംകൊള്ളുന്നവരാണു നാം കേരളീയര്‍. എന്നാല്‍, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോര്‍ട്ട് ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ നില വളരെ പിന്നിലാണെന്നു വ്യക്തമാക്കുന്നു. സാക്ഷരതയില്‍ ബഹുദൂരം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ മികവ് നഷ്ടമാവുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ പട്ടികയില്‍ മുന്‍നിരയിലുള്ളത്.
ആദ്യമായാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇങ്ങനെയൊരു പട്ടിക തയ്യാറാക്കിയത്. ആഗോളനിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസത്തെ ഉയര്‍ത്തുകയാണു ലക്ഷ്യം. വിദ്യാഭ്യാസ വിചക്ഷണരും ഉന്നത വിദ്യാഭ്യാസവകുപ്പ് മേധാവികളുമടങ്ങിയ പതിനാറംഗ വിദഗ്ധസമിതിയാണ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന് കീഴില്‍ പഠനത്തിന് ചട്ടക്കൂട് തയ്യാറാക്കിയത്. സര്‍വകലാശാലകള്‍, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഫാര്‍മസി കോളജുകള്‍, എന്‍ജിനീയറിങ് കോളജുകള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് റാങ്കിങില്‍ ഉള്‍പ്പെടുത്തിയത്. അധ്യാപക-വിദ്യാര്‍ഥി സ്രോതസ്സ്, വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളല്‍, ഗവേഷണരംഗത്തെ പ്രയോജനക്ഷമത, ബിരുദധാരികളുടെ നിലവാരം, സ്ഥാപനത്തെക്കുറിച്ച പൊതുധാരണ എന്നീ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് റാങ്കിങ് നിര്‍ണയിച്ചത്. ആറുവിഭാഗങ്ങളിലായി 3,600 ഉന്നത കേന്ദ്രങ്ങള്‍ വിലയിരുത്തി. അധ്യാപക-വിദ്യാര്‍ഥി അനുപാതം, മറ്റ് രാഷ്ട്രങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം, വനിതകളുടെയും ഭിന്നശേഷിയുള്ളവരുടെയും എണ്ണം, ഗവേഷണവുമായി ബന്ധപ്പെട്ടു ലഭിച്ച പേറ്റന്റ്, സര്‍വകലാശാല പരീക്ഷകളിലെ പ്രകടനം, പ്ലേസ്‌മെന്റ്, അപേക്ഷകരുടെ എണ്ണം എന്നിവയും വിലയിരുത്തലിനു വിധേയമാക്കി.
മികച്ച 10 യൂനിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി എട്ടാംസ്ഥാനത്തുണ്ട്. കോഴിക്കോട് ഐഐഎം, എന്‍ഐടി, കുസാറ്റ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും അമൃത, രാജഗിരി സ്വകാര്യ സ്ഥാപനങ്ങളും മികവിന് അംഗീകാരം നേടി. ഇതെല്ലാം അഭിമാനകരം തന്നെ. എന്നാല്‍, പൊതുവെ വിലയിരുത്തുമ്പോള്‍ വളരെ പരിതാപകരമാണ് നിലവാരമെന്നു വ്യക്തമാവുന്നു. എന്‍ജിനീയറിങ് വിഭാഗത്തില്‍ ആദ്യത്തെ 100ല്‍ കേരളത്തില്‍നിന്നു വെറും മൂന്ന് സ്ഥാപനങ്ങളേയുള്ളൂ. മൊത്തം 233 സര്‍വകലാശാലകളാണ് വിലയിരുത്തലിന് വിധേയമായത്. ആദ്യ 100 സര്‍വകലാശാലകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം രണ്ട് മാത്രം. 609 മാനേജ്‌മെന്റ് പഠനസ്ഥാപനങ്ങള്‍ വിലയിരുത്തിയതില്‍ ആദ്യ അമ്പതില്‍ കേരളത്തില്‍നിന്ന് നാല് മാത്രം.
കേവലം ബിരുദദാനകേന്ദ്രം എന്നതില്‍നിന്നു മാറി വിജ്ഞാനത്തിന്റെ പുതിയ ആകാശങ്ങള്‍ കണ്ടെത്തുന്നതിന് യുവതീയുവാക്കള്‍ക്ക് പ്രചോദനവും പ്രോല്‍സാഹനവും നല്‍കുന്നതില്‍ സംസ്ഥാനം പിറകോട്ടുപോവുന്ന കാര്യം ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it