ഉന്നത വിദ്യാഭ്യാസത്തെ മോദി സര്‍ക്കാര്‍ കച്ചവടം ചെയ്യുന്നു: കാരാട്ട്

പാലക്കാട്: ഉന്നത വിദ്യാഭ്യാസത്തെ ഉല്‍പന്നമായി കണ്ട് വിപണനം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കെഎസ്ടിഎ രജതജൂബിലി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതോടൊപ്പം ഹിന്ദുത്വ അജണ്ടയും അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മറ്റു സേവന മേഖലകളെയെന്നപോലെ വിദ്യാഭ്യാസമേഖലയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
മാനവവിഭവശേഷി മന്ത്രാലയത്തെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്സിന്റെ ശിക്ഷാ വിഭാഗ് ആണ്. ഇവരാണ് മന്ത്രി സ്മൃതി ഇറാനിയെ ഉപദേശിക്കുന്നത്. കരിക്കുലം പരിഷ്‌കരിക്കുക, പാഠപുസ്തകങ്ങളില്‍ ഹിന്ദുത്വം തിരുകിക്കയറ്റുക തുടങ്ങിയവയൊക്കെയാണ് നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും ഇത് തീവ്രമായി നടപ്പാക്കുന്നുണ്ട്. മദിരാശി ഐഐടിയില്‍ അംബേദ്കറെക്കുറിച്ച് പഠിക്കുന്നത് തടയുന്നു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥി പീഡനംമൂലം ആത്മഹത്യചെയ്തു. ഇതൊക്കെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ തകര്‍ച്ചയാണ് കാണിക്കുന്നത്.
ശാസ്ത്രീയ ചിന്തകളെ തമസ്‌കരിച്ച് അന്ധവിശ്വാസങ്ങള്‍പ്രചരിപ്പിക്കാനാണ് ശ്രമം. ഗണപതി പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് പറയുന്ന പ്രധാനമന്ത്രി ഗ്രഹങ്ങളില്‍നിന്ന് ഗ്രഹങ്ങളിലേക്ക് പണ്ടുമുതല്‍തന്നെ ദേവന്മാര്‍ സഞ്ചരിച്ചതായി സയന്‍സ് േകാണ്‍ഗ്രസ്സില്‍ പ്രബന്ധവും അവതരിപ്പിക്കുന്നു.
ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊക്കെ സമൂഹത്തെ പിന്നോട്ടു നയിക്കുന്ന ഇത്തരം ചിന്തകള്‍ വ്യാപിപ്പിക്കുകയാണ്. മോദിയുടെ കാവിവല്‍ക്കരണത്തെ തടയാന്‍ കോണ്‍ഗ്രസ്സിന്റെ നയംകൊണ്ട് സാധിക്കില്ല. ഇതിനെ തടയാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും കാരാട്ട് വ്യക്തമാക്കി. വിദ്യാഭ്യാസ സംരക്ഷണത്തിനായി കെഎസ്ടിഎ നടത്തുന്ന പോരാട്ടം അഖിലേന്ത്യാതലത്തില്‍ വ്യാപിപ്പിക്കണമെന്നും അതിന് അധ്യാപകരുടെ പിന്തുണ അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it