ഉന്നതാധികാര സമിതിയുടെ സുരക്ഷാ റിപോര്‍ട്ട് നടപ്പിലാക്കിയില്ല; ലോക്കോപൈലറ്റുമാര്‍ സമരത്തിലേക്ക്

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: ജോലി സമയം പുനക്രമീകരിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ റെയില്‍വെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ സമരത്തിനൊരുങ്ങുന്നു. ലോക്കോ പൈലറ്റുമാര്‍ തുടര്‍ച്ചയായി ആറ് രാത്രി ഡ്യൂട്ടി നിര്‍വഹിക്കുന്നത് രണ്ടു ദിവസമായി ചുരുക്കണമെന്നതടക്കം സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സമര്‍പ്പിച്ച് രണ്ടു വര്‍ഷമായിട്ടും റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ സമരത്തിന് തയാറെടുക്കുകയാണ്. റെയില്‍വേയുടെ കര്‍ശന നടപടികളില്‍ പ്രതിഷേധിച്ചും ആവശ്യത്തിന് അവധിയും വിശ്രമവും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ഡിസംബര്‍ 14 മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ 36 മണിക്കൂര്‍ നീളുന്ന സമരവുമായാണ് ലോക്കോപൈലറ്റുമാര്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. നിലവില്‍ തുടര്‍ച്ചയായി ആറ് രാത്രികള്‍വരെ ജോലി ചെയ്യേണ്ട സാഹചര്യമാണ് ലോക്കോ പൈലറ്റുമാര്‍ക്കും റണ്ണിംഗ് സ്റ്റാഫിനുമുള്ളതെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. ഇതിനുപുറമെ ചില ദിവസങ്ങളില്‍ ഇവര്‍ക്ക് പകല്‍ ജോലിയും ചെയ്യേണ്ടിവരുന്നതായി ഇവര്‍ പാരാതിരപ്പെടുന്നു.
ചരക്ക് വണ്ടികളില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെയാണ് ജോലിയെടുക്കേണ്ടിവരുന്നത്. ആവശ്യത്തിന് വിശ്രമം പോലും നല്‍കാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നത് അപകടസാധ്യത വിളിച്ചു വരുത്തുമെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. റണ്ണിങ് സ്റ്റാഫിനെ രാത്രികാലങ്ങളില്‍ ആറുമണിക്കൂറിലധികം ജോലി ചെയ്യിക്കരുതെന്ന് റെയില്‍വേ ബോര്‍ഡ് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതിനെ മറികടന്ന് കൂടുതല്‍ സമയം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍്‌നാണ് റണ്ണിങ് സ്റ്റാഫിന്റെ ജോലിസമയം പുനക്രമീകരിക്കാന്‍ ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. രണ്ട് രാത്രിയിലധികം ജീവനക്കാരെ തുടര്‍ച്ചയായി ജോലിക്ക് നിയോഗിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
അപകടങ്ങള്‍ തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് മൂന്നു രാത്രിയിലധികം തുടര്‍ച്ചയായി ലോക്കോ പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. അധികസമയ ജോലിക്ക് നിയോഗിക്കപ്പെടുന്നവരില്‍നിന്ന് അപകടമുണ്ടായാല്‍ ഉത്തരവാദി റെയില്‍വേ ആയിരിക്കുമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അപകടങ്ങളുടെ ഉത്തരവാദിത്തം ജീവനക്കാരുടേതു മാത്രമായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
Next Story

RELATED STORIES

Share it