thiruvananthapuram local

ഉന്നതവിദ്യാഭ്യാസ സംവരണം;  സുപ്രിംകോടതി നിര്‍ദേശം പുച്ഛിച്ചുതള്ളണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പഠന പ്രവേശനത്തിന് നിലവിലുള്ള സംവരണം എടുത്തുകളയണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുച്ഛിച്ചുതള്ളണമെന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി ആവശ്യപ്പെട്ടു. ഭരണഘടനാശില്‍പികള്‍ സംവരണം ഉള്‍പ്പെടുത്താനുണ്ടായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും 0.4 ശതമാനം പുരോഗതിയേ കൈവരിച്ചിട്ടുള്ളൂവെന്ന് സച്ചാര്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ സംവരണ വിരോധികള്‍ക്കും ഫാഷിസ്റ്റ് ശക്തികള്‍ക്കും പ്രചോദനം നല്‍കാന്‍ മാത്രമേ സുപ്രിംകോടതിയുടെ ഈ പരാമര്‍ശം ഉപകരിക്കുകയുള്ളൂവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംവരണ വിഭാഗക്കാരുടെ പിന്നാക്കാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സുപ്രിംകോടതി ഇപ്പോള്‍ നടത്തിയിരിക്കുന്ന പരാമര്‍ശം ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍നിന്നും കോളജുകളില്‍നിന്നുമുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് പഠനം നടത്തി ആറുമാസത്തിനകം സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കാനും ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനിച്ചു.
തെരുവുനായ്ക്കളുടെ ശല്യം ഭയന്ന് കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പോവാനും പ്രഭാതത്തില്‍ പള്ളികളില്‍ പോവാനും ഭയക്കുന്ന സാഹചര്യത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്നുള്ള ദുരിതം സംബന്ധിച്ച് മുവാറ്റുപുഴ പെരുമ്പല്ലൂര്‍ സ്വദേശി സിജൊ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്കും എറണാകുളം ജില്ലാ കലക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. രണ്ടുദിവസമായി നടന്ന സിറ്റിങ്ങില്‍ 25 പരാതികള്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it