ഉന്നതരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് പിഡിപി

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഘാതകരെയും കേസ് മായ്ച്ചുകളയാന്‍ തുടക്കത്തില്‍ ശ്രമം നടത്തിയ ഉന്നതരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പുതിയ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
മികച്ച കുറ്റാന്വേഷണ പാരമ്പര്യമുള്ള കേരള പോലിസിന്റെ അന്വേഷണ ചരിത്രത്തിലെ കറുത്ത അധ്യായമാണു ജിഷ വധക്കേസിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യം. ആദ്യഘട്ടത്തില്‍ പൊതുജനങ്ങളെ കബളിപ്പിക്കാന്‍ മുഖംമറച്ച ആളുകളെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് ആരെന്നു കണ്ടെത്തണം. തുടക്കത്തില്‍ അന്വേഷണം മന്ദഗതിയിലാക്കാ ന്‍ നിര്‍ദേശിച്ച ഉന്നതരെയും തെളിവുകള്‍ നശിപ്പിച്ചു പ്രതികള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കിയവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. പാര്‍ശ്വവല്‍കൃത സമൂഹത്തി ല്‍പ്പെട്ട ഒരു വിദ്യാര്‍ഥിനിയുടെ ദാരുണമായ കൊലപാതകം സമൂഹമനസ്സാക്ഷിക്ക് മുമ്പില്‍ സൃഷ്ടിച്ച അരക്ഷിതത്വം ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
സുരക്ഷിതമായി ജീവിക്കാനും പേടികൂടാതെ ജോലിയെടുക്കാനും സഞ്ചരിക്കാനും സാധ്യമാവുന്ന സാമൂഹിക അന്തരീക്ഷം ഉറപ്പുവരുത്താന്‍ പുതിയ ഗവണ്‍മെന്റ് വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുറ്റവാളികള്‍ രാഷ്ട്രീയ-പണ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഇരകള്‍ക്കും നിയമത്തിനും മുകളില്‍ ആധിപത്യം സ്ഥാപിച്ച് നീതി നിഷേധിക്കപ്പെട്ട് രക്ഷപ്പെടാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ നിയമവ്യവസ്ഥ കാലോചിതമായി പരിഷ്‌കരിക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it