ഉദ്യോഗാര്‍ഥികള്‍ കാലാവധി തീര്‍ന്ന പട്ടികയില്‍ നിന്ന് അഡൈ്വസ് മെമ്മോ അയച്ചു; പിഎസ്‌സിയില്‍ അഴിമതിയും അധികാര ദുര്‍വിനിയോഗവുമെന്ന് 

കോട്ടയം: എസ്‌ഐ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിഎസ്‌സിയില്‍ അഴിമതിയും അധികാര ദുര്‍വിനിയോഗവുമെന്ന പരാതിയുമായി ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി കാറ്റഗറി നമ്പര്‍-315/2007 പ്രകാരം നടത്തിയ ജനറല്‍ എക്‌സിക്യൂട്ടീവ് എസ്‌ഐ, ആംഡ് റിസര്‍വ് എസ്‌ഐ, ആംഡ് ബറ്റാലിയന്‍ എസ്‌ഐ തസ്തികയിലേക്കു നടത്തിയ പരീക്ഷയിലെ നിയമന പട്ടികയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പിഎസ്‌സിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അവസാനമായി 2015 ജൂലൈ 10ന് അര്‍ധരാത്രി പട്ടികയുടെ കാലാവധി അവസാനിച്ചതായി വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പിഎസ്‌സി ഇതേ പട്ടികയില്‍ നിന്ന് 2015 ജൂലൈ 29ന് അഡൈ്വസ് മെമ്മോ അയച്ചതായി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. പരീക്ഷ നടത്തി പുറപ്പെടുവിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹത നേടിയ സംവരണ വിഭാഗത്തില്‍പ്പെട്ട പട്ടികജാതി -വര്‍ഗത്തില്‍പ്പെട്ട 29 പേരെ ഉള്‍പ്പെടെ 155 പേരെ ഒഴിവാക്കിയാണ് നിയമലംഘനത്തിനു തുടക്കമിട്ടത്.
എസ്‌ഐ തസ്തികയുടെ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള സ്ഥലവും തിയ്യതിയും മാറ്റി നല്‍കില്ലെന്നാണു വ്യവസ്ഥയെങ്കിലും 203 പേര്‍ക്ക് സ്ഥലവും തിയ്യതിയും മാറ്റിനല്‍കി. കായികക്ഷമതാ പരീക്ഷ നടത്തേണ്ടത് പോലിസാണെങ്കിലും നടത്തിയത് പിഎസ്‌സിയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് ക്രമക്കേടുകള്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഇതിനിടെ വിവിധ ഘട്ടങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ ഹരജിയിന്മേല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പോലും ലംഘിക്കപ്പെട്ടു. അന്വേഷണത്തിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍, തന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്നും സര്‍ക്കാര്‍, പിഎസ്‌സി തലങ്ങളില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പിഎസ്‌സി ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കുകയാണ്. പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിന്റെ നിയമനം സംബന്ധിച്ച പരാതിയിലും നടപടിയെടുത്തില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it