kozhikode local

ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ തപാല്‍ വോട്ട് ചെയ്യാം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സ്ഥലത്ത് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും തപാല്‍ വോട്ടിനൊപ്പം സമര്‍പ്പിക്കേണ്ട സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഗസറ്റഡ് ഓഫിസറും ഇവിടെയൊരുക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിലുണ്ടാവും.
പ്രത്യേകം സീല്‍ ചെയ്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന ഈ വോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഉടന്‍ എത്തിച്ചുനല്‍കും. പോളിംഗ് ഡ്യൂട്ടിയോ മറ്റേതെങ്കിലും ഔദ്യോഗിക ഉത്തരവാദിത്തമോ ഏല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള അവസരമുള്ളത്. വോട്ടര്‍ പട്ടികയില്‍ പേരുള്ള നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിശ്ചിത ഫോറത്തില്‍ (ഫോറം-12) തെരഞ്ഞെടുപ്പിന് ചുരുങ്ങിയത് ഏഴുദിവസം മുമ്പ് അപേക്ഷ നല്‍കണം.
അതോടൊപ്പം നിയമന ഉത്തരവിന്റെ പകര്‍പ്പും വയ്ക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള അപേക്ഷാ ഫോറം രണ്ടാംഘട്ട പരിശീലനത്തിന്റെ അറിയിപ്പിനൊപ്പം അയച്ചുകഴിഞ്ഞു. മറ്റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിലേര്‍പ്പെട്ട അന്യജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കലക്ടറേറ്റില്‍ നിന്നും വരണാധികാരികളുടെ ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൈബ്‌സൈറ്റിലും ഫോറം ലഭ്യമാണ്.അപേക്ഷ ലഭിച്ചാലുടന്‍ തപാല്‍ ബാലറ്റ് പേപ്പര്‍ അടക്കം ചെയ്ത കവര്‍, വോട്ട് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍, ഇന്ന ബൂത്തിലെ ഇത്രാം നമ്പര്‍ വോട്ടറാണെന്നു കാണിക്കുന്ന സത്യപ്രസ്താവന, വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ തിരിച്ചയക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസറുടെ അഡ്രസ് പ്രിന്റ് ചെയ്ത സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ വലിയ കവറിലാക്കി അയക്കും. വോട്ട് ചെയ്ത ശേഷം ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പായി വരണാധികാരിക്ക് ലഭിക്കും വിധം തിരികെ അയക്കണം. ആകെ അയച്ച ബാലറ്റ് പേപ്പറുകള്‍ മാര്‍ക്ക് ചെയ്ത ശേഷമാണ് വോട്ടെടുപ്പ് ദിവസം ഉപയോഗിക്കുന്നതിനുള്ള വോട്ടര്‍ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൈമാറുക.
Next Story

RELATED STORIES

Share it