ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം ഹൈക്കോടതി ശരിവച്ചു

കൊച്ചി: കയര്‍ ബോര്‍ഡ് കണ്‍സോര്‍ഷ്യത്തിനായി അനുവദിച്ച കോടികള്‍ വിദേശയാത്രയ്ക്കും മറ്റുമായി വിനിയോഗിച്ചതിന് കയര്‍ വകുപ്പ് സെക്രട്ടറിയായിരുന്ന റാണി ജോര്‍ജ് ഐഎഎസ് അടക്കമുള്ളവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരായ കെ മദനന്‍, കെ ആര്‍ അനില്‍ എന്നിവര്‍ക്കെതിരേയും അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ റാണി ജോര്‍ജ് അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് ബി കെമാല്‍ പാഷ അന്വേഷണ ഉത്തരവ് ശരിവച്ചത്. പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും വിജിലന്‍സ് കോടതി ഉത്തരവ് വസ്തുതകള്‍ കണക്കിലെടുക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ ഹരജി നല്‍കിയത്. കയര്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനായി 6.7 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നു.
എന്നാല്‍, കണ്‍സോര്‍ഷ്യം നിലവില്‍ വന്നില്ല. ഇതിനിടെ ഈ ഫണ്ടില്‍ നിന്ന് അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് റാണി ജോര്‍ജും സംഘവും 25ലധികം രാജ്യങ്ങളില്‍ നടത്തിയ യാത്രകളെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുധാകരന്‍ നായര്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.
വിജിലന്‍സ് ക്വിക്ക് വേരിഫിക്കേഷന്‍ നടത്തി ഫണ്ടില്‍ തിരിമറി നടത്തിയിട്ടില്ലെന്ന് റിപോര്‍ട്ട് സമര്‍പിച്ചു. ഇതിനെതിരേ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it