palakkad local

ഉദ്യോഗസ്ഥരുടെ മൗനാനുവാദം; വീണ്ടും കോഴിക്കടത്ത്

കൊല്ലങ്കോട്: വാണിജ്യ നികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റായ ഗോവിന്ദാപുരത്ത് വീണ്ടും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കോഴികടത്ത്. കോഴികടത്തുകയായിരുന്നു വാഹനം ചൊവ്വാഴ്ച പുലര്‍ച്ചെ ചെക്‌പോസ്റ്റിനു സമീപം അപകടത്തില്‍പ്പെട്ട് 500 കിലോ കോഴി ചത്തു. നിലവില്‍ കോഴി കടത്തുന്നതിന് നടുപ്പുണി ചെക്ക് പോസ്റ്റില്‍ മാത്രമാണ് അനുമതിയുള്ളത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കിയാല്‍ ഗോവിന്ദാപുരം ചെക് പോസ്റ്റ് വഴിയും കോഴികള്‍ കടത്തി വിടുമെന്നതാണ് ഇന്നലത്തെ അപകടം വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കോഴി വണ്ടി തമിഴ്‌നാട് ചെക്ക് പോസ്റ്റിനു സമീപം നിര്‍ത്തിയിടും. കോഴിവണ്ടിയിലെ ഒരാള്‍ പണം പരിശോധിക്കുന്നവര്‍ക്ക് നല്‍കിയാല്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് സിഗ്‌നല്‍ നല്‍കും. കോഴി വണ്ടി മിന്നല്‍ വേഗത്തില്‍ ചെക്ക് പോസ്റ്റ് മറികടന്നു പോവുകയുമാണ് സാധാരണഗതിയില്‍ ചെയ്തു വരുന്നത്. ഇപ്രകാരം നിര്‍ത്തിയിട്ട കോഴി വാഹനത്തിന് സിഗ്‌നല്‍ ലഭിച്ചതും വാഹനം ധൃതിപ്പെട്ടു മുന്നോട്ടെടുക്കുന്നതിനിടെ പുറകെ സിമന്റ് കയറ്റിവന്ന ലോറി ഇടിച്ച് തകര്‍ക്കുകയുമായിരുന്നു.
500 കിലോ കോഴി ചത്തതായാണ് കണക്ക്. ഒരു മാസം മുമ്പാണ് വടക്കഞ്ചേരി സ്വദേശി വിനോദിനെ കോഴി കടത്തുമായി ബന്ധപ്പെട്ടു സി.ഐ എന്‍എസ് സലീഷ് അറസ്റ്റു ചെയ്തത്.
വിനോദിന്റെ ഉടമസ്ഥതയിലുള്ള കോഴി വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നും തൃശ്ശൂരിലേക്കാണ് കോഴി കടത്താന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്.
അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിരവധി വകുപ്പ് പരിശോധനയുണ്ടെങ്കിലും ഇവിടെല്ലാം വന്‍തോതില്‍ അഴിമതി നടക്കുന്നുണ്ട്. നിരവധി കള്ളക്കടത്ത് അനധികൃത സാധനങ്ങള്‍ നികുതി വെട്ടിച്ച് കടത്താന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു കൊടുക്കുന്നതിന്റെ അവസാനത്തെ തെളിവാണ് ചെക്ക് പോസ്റ്റിന് സമീപത്തുണ്ടായ അപകടം.
Next Story

RELATED STORIES

Share it