ഉദ്യോഗക്കയറ്റത്തിനു സംവരണം വേണ്ടെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ ഉദ്യോഗക്കയറ്റത്തിനു സംവരണം വേണ്ടെന്നു സുപ്രിംകോടതി. ബാങ്കുകളിലെ ഉയര്‍ന്ന തസ്തികകളിലുള്ള ജോലിയില്‍ എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്ന രീതി സുപ്രിംകോടതി റദ്ദാക്കി. ഉദ്യോഗക്കയറ്റത്തിനു സംവരണമാവാമെന്ന നിലപാട് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി പുനപ്പരിശോധനാ ഹരജിയിലൂടെയാണ് സുപ്രിംകോടതി തിരുത്തിയത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ കെ സിക്രി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബാങ്കുകളില്‍ ഗ്രേഡ് 1 മുതല്‍ 6 വരെയുള്ള തസ്തികകളില്‍ എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം അംഗീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്. മുമ്പ് ഹൈക്കോടതി ഉത്തരവിനെതിരേ പൊതുമേഖലാ ബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച സുപ്രിംകോടതി ബാങ്കുകളുടെ ഹരജി തള്ളുകയായിരുന്നു. ഈ വിധിയാണ് കഴിഞ്ഞ ദിവസം പുനഃപരിശോധനാ ഹരജി അനുവദിച്ചുകൊണ്ട് തിരുത്തിയത്. വിഷയത്തില്‍ ബാങ്കുകള്‍ക്കും സര്‍ക്കാരിനും തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളിലെ ഉന്നത തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരെയുള്ള തസ്തികകളില്‍ എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിനു സംവരണം നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി വിധി പരിശോധിച്ച സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം വിധി ശരിവയ്ക്കുകയും ക്ലാസ് 7നു മുകളിലുള്ള തസ്തികകളില്‍ ഇത് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു.
ഡെപ്യൂട്ടി മാനേജര്‍ക്കു മുകളില്‍ പൊതുമേഖലാ ബാങ്കുകളിലുള്ള ജനറല്‍ മാനേജര്‍, ചീഫ് ജനറല്‍ മാനേജര്‍, മാനേജിങ് ഡയറക്ടര്‍, ചെയര്‍മാന്‍ തസ്തികകളില്‍ പട്ടികവിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് സംവരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ക്ലാര്‍ക്ക് തസ്തികയില്‍ നിന്ന് ഓഫിസര്‍ തസ്തിക വരെയുള്ള സ്ഥാനക്കയറ്റത്തിനു കേന്ദ്രസര്‍ക്കാരിലെ സംവരണവ്യവസ്ഥകളാണ് പൊതുമേഖലാ ബാങ്കുകള്‍ പിന്തുടരുന്നത്.
അതേസമയം, ഉയര്‍ന്ന ഉദ്യോഗസ്ഥ തസ്തികയില്‍ നിന്നു മറ്റൊന്നിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ സംവരണം പാലിക്കുന്നതിനു നിലവില്‍ ചട്ടങ്ങളില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പിലൂടെയാണ് ഈ തസ്തികകളില്‍ ഒഴിവു നികത്തിപ്പോരുന്നത്.
Next Story

RELATED STORIES

Share it