kannur local

ഉദ്ഘാടനവും രാഷ്ട്രീയക്കളി: പ്രവര്‍ത്തനസജ്ജമാവാന്‍ കടമ്പകളേറെ

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷപ്പറക്കല്‍ ഇന്നു നാടിന്നുല്‍സവമായി നടക്കും. അതിനുള്ള എല്ലാ ഒരുക്കങ്ങളും, വേദിയുടെ നിര്‍മാണമുള്‍പ്പെടെ പൂര്‍ണമായി. പരീക്ഷണപ്പറക്കലിന് മുന്നോടിയായി വ്യോമസേനയുടെ കോഡ് ബി ചെറുമാനം കഴിഞ്ഞ ദിവസം വിമാനത്താവളപദ്ധതി പ്രദേശം ആകാശത്ത് വട്ടമിട്ടു പറന്ന് നിരീക്ഷിച്ചു. എന്നാല്‍, ആദ്യഘട്ട ഉദ്ഘാടനമെന്ന നിലയില്‍ പരീക്ഷണപ്പറക്കലിനെ മാറ്റുകയും അത് ധൃതിപിടിച്ച് നടത്തുകയും ചെയ്യുമ്പോള്‍ പല സംശയങ്ങളും ജനങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറുംരാഷ്ട്രീയക്കളിയാണ് ഇന്നു നടക്കുന്നതെന്ന് പലരും കരുതുന്നുണ്ട്. എല്‍ഡിഎഫ് അത് രാഷ്ട്രീയപ്രചാരണമായി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ ആരോപണത്തില്‍ വസ്തുതകള്‍ ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.
പരീക്ഷണപ്പറക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പൂര്‍ണസജ്ജമാവണമെങ്കില്‍ ഇനിയും കുറഞ്ഞത് ഒരുവര്‍ഷമെടുക്കും. വരുന്ന സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇന്നലെവരെയുള്ള പദ്ധതി പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനം കണ്ട് വിലയിരുത്തുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരിക്കും. ഇപ്പോള്‍ നടക്കുന്ന പ്രവൃത്തി കൂടിയാല്‍ മൂന്നുമാസം വരെ തുടരാനാവും. അതുകഴിഞ്ഞാല്‍ വര്‍ഷകാലം തുടങ്ങും. ജൂണ്‍, ജുലയ് മാസത്തില്‍ ഒരു പ്രവൃത്തിയും ഇവിടെ നടത്താനാവില്ലെന്നുറപ്പ്. അതുകഴിഞ്ഞ് രണ്ടുമാസം കൊണ്ട് പാസഞ്ചര്‍ടെര്‍മിനലും അടിപ്പാതയുമൊക്കെ സജ്ജമാവുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആളുകള്‍ പ്രയാസപ്പെടും. മാത്രവുമല്ല, നിര്‍മാണ പ്രവൃത്തി പൂര്‍ണമാവുകയും വിമാനത്താവളം പൂര്‍ണസജ്ജമായാലും പ്രവര്‍ത്തനം തുടങ്ങുന്നതിന് നിരവധി കടമ്പകളുണ്ട്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സുരക്ഷാസംബന്ധിച്ച വിവിധ ക്ലിയറന്‍സുകള്‍ വിമാനത്താവളത്തിന് ലഭിക്കണം. ഇതൊക്കെ വിദഗ്ധ പരിശോധനയ്ക്കും മറ്റും ശേഷമേ ലഭിക്കൂ. ആദ്യഘട്ട ഉദ്ഘാടനത്തിന് 3050മീറ്റര്‍ റണ്‍വെ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചത്. എന്നാല്‍, പരീക്ഷണപ്പറക്കല്‍ ഘട്ടത്തില്‍ പോലും ഇതുപ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡിസംബറില്‍ പരീക്ഷപ്പറക്കല്‍ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. അതാണിപ്പോള്‍, രണ്ടുമാസം വൈകി ഫെബ്രുവരി അവാസാനം നടക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഇറക്കുന്ന പത്രക്കുറിപ്പുകളില്‍ നിന്ന് 2010 ഡിസംബര്‍ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത് പരാമര്‍ശിക്കാതെ, എ കെ ആന്റണി നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാസഞ്ചാര്‍ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചതും മാത്രമാണ് എടുത്തുപറയുന്നത്. ഫലത്തില്‍ വിമാനത്താവള നിര്‍മാണത്തിന്റെ ക്രെഡിറ്റ് മൊത്തം യുഡിഎഫ് സര്‍ക്കാരിനുള്ളതാണെന്ന് വരുത്തിതീര്‍ക്കുകയാണ്. എന്നാല്‍, 2006ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയ ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ഇതോടെയാണ് പിന്നാലെ വന്ന യുഡിഎഫ് സര്‍ക്കാരിന് നിര്‍മാണോദ്ഘാടനം നടത്താന്‍ സഹായകമായതും.
Next Story

RELATED STORIES

Share it