kasaragod local

ഉദുമ പിടിക്കാന്‍ കെ സുധാകരന്‍: നിലനിര്‍ത്താന്‍ കെ കുഞ്ഞിരാമന്‍

ഉദുമ: കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറേയായി സിപിഎമ്മിന്റെ കുത്തകയായ ഉദുമ മണ്ഡലത്തിലെ മല്‍സരം ഇത്തവണ കനക്കും. 1993 മുതല്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന ഈ മണ്ഡലം കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന് വേദിയാവുകയാണ്. കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവും അണികളുടെ ആവേശവുമായ കണ്ണുരിലെ കെ സുധാകരനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തുവരുന്നത്. സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സുധാകരന്‍ മല്‍സരിച്ചാല്‍ സിപിഎം കുത്തകയാക്കിയ ഈ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സോഷ്യലിസ്റ്റില്‍ നിന്ന് തുടങ്ങി കമ്യൂണിസത്തോട് ആഭിമുഖ്യം പുലര്‍ത്തിയ മണ്ഡലമാണ് ഇത്.
ബേക്കല്‍ അന്തരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം ഈ മണ്ഡലത്തിലാണ്. 1977ലാണ് മണ്ഡലം രൂപീകരിച്ചത്. അന്ന് പിഎസ്പിയിലെ എന്‍ കെ ബാലകൃഷ്ണന്‍ ഭാരതീയ ലോക്ദളിലെ കെ ജി മാരാറെ 3000ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തുകയും അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയാവുകയും ചെയ്തു. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അഡ്വ. കെ പുരുഷോത്തമന്‍ വിജയിച്ചു. ഈ മണ്ഡലത്തില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രന്‍ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ വിജയിച്ചു.
തുടര്‍ന്ന് 85ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അഡ്വ. കെ പുരുഷോത്തമന്‍ വിജയിച്ചു എന്നാല്‍ 87ല്‍ കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണന്‍ ഉജ്ജ്വല വിജയം നേടി സിപിഎമ്മില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. 1991, 96 തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ അഡ്വ. പി രാഘവനും 2001, 2006 തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ കെ വി കുഞ്ഞിരാമനും വിജയിച്ചു. 2011ല്‍ സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനെ 11380 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജനുവരിയിയിലെ കണക്ക് പ്രകാരം 1,96,034 വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തില്‍ 95,298 പുരുഷ വോട്ടര്‍മാരും 1,00,736 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക, മുളിയാര്‍, പുല്ലൂര്‍-പെരിയ, ചെമനാട്, ഉദുമ, പള്ളിക്കര പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. ഇതില്‍ മുളിയാര്‍, ചെമനാട്, ഉദുമ പഞ്ചായത്തുകള്‍ യുഡിഎഫും മറ്റ് പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഈ മണ്ഡലത്തില്‍ ആയിരത്തില്‍പരം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. യുഡിഎഫിന് 56,291 ഉം എല്‍ഡിഎഫിന് 55,456 ഉം വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 65,673 വോട്ടും യുഡിഎഫിന് 57,369 വോട്ടും നേടി. കെ സുധാകരന്‍ സ്ഥാനാര്‍ഥിയായി വരുന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന് പരിഹാരമാകുമെന്നും മണ്ഡലം യുഡിഎഫിന് അനുകൂലമാകുമെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it