kasaragod local

ഉദുമയിലെ പരാജയം: കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പോര്‍വിളിയുമായി ഫേസ്ബുക്കില്‍

ഉദുമ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉദുമ മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ്-ലീഗ് പാര്‍ട്ടികള്‍ പരസ്പരം പഴിചാരുന്നു. ലീഗിന് ആധിപത്യമുള്ള ചെമനാട്, മുളിയാര്‍ പഞ്ചായത്തുകളില്‍ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
എന്നാല്‍, കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ അണികള്‍ തന്നെ എല്‍ഡിഎഫിന് വോട്ടുചെയ്‌തെന്നാണ് ലീഗ് ആരോപിക്കുന്നത്. ജാതി അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസുകാര്‍ വോട്ടുചെയ്യുന്നത്. ഈഴവ വിഭാഗത്തില്‍പെട്ട കെ സുധാകരനെ പരാജയപ്പെടുത്താന്‍ നായര്‍, മണിയാണി, ശാലിയ വിഭാഗങ്ങളില്‍പെട്ട കോണ്‍ഗ്രസ് അണികള്‍ രംഗത്തിറങ്ങിയെന്നാണ് ലീഗ് ആരോപിക്കുന്നത്.
കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ നേതാക്കള്‍ പരാജയപ്പെടാന്‍ വേണ്ടി മാത്രം മല്‍സരിക്കുന്ന ഈ മണ്ഡലത്തില്‍ ശക്തമായ പോരാട്ടമായിരുന്നു ഇപ്രാവശ്യം കെ സുധാകരന്‍ നടത്തിയത്.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നതും ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതും സുധാകരന്റെ പരാജയത്തിന് കാരണമായി. 3500ല്‍പരം വോട്ടിനാണ് സുധാകരന്‍ പരാജയപ്പെട്ടത്.
ആഞ്ഞുപിടിച്ചിരുന്നുവെങ്കില്‍ ഈ മണ്ഡലം യുഡിഎഫിന് ലഭിക്കുമായിരുന്നുവെന്നാണ് നിക്ഷ്പക്ഷമതികള്‍ വിലയിരുത്തുന്നത്. കെ കുഞ്ഞിരാമന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനധീതമായ ബന്ധങ്ങളുമാണ് വിജയിക്കാന്‍ കാരണമായത്.
അതേസമയം മണ്ഡലത്തിലെ പരാജയത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്കില്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. അടുത്തമാസം ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നിയമസഭാ പരാജയത്തെ കുറിച്ച് പരസ്യമായ പോര്‍വിളിയുമായി രംഗത്തിറങ്ങിയത് ഇവിടത്തെ വിജയത്തേയും ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തണമെങ്കില്‍ ഉദുമ സീറ്റില്‍ വിജയിച്ചെ മതിയാകൂ. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it