ഉദയ പിക്‌ചേഴ്‌സിന്റെ പൂവന്‍കോഴി വീണ്ടും കൂവിത്തുടങ്ങുന്നു

കൊച്ചി: മൂന്നു പതിറ്റാണ്ടിനു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഈ വര്‍ഷം മുതല്‍ ഉദയ പിക്‌ചേഴ്‌സിന്റെ പേര് സ്‌ക്രീനില്‍ തെളിയുന്നതോടൊപ്പം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ ഒരു പൂവന്‍കോഴി വീണ്ടും കൂവിത്തുടങ്ങും. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന സിനിമാ നിര്‍മാണക്കമ്പനികളില്‍ ഒന്നായ ഉദയ പിക്‌ചേഴ്‌സ് വീണ്ടും സിനിമാനിര്‍മാണ രംഗത്തേക്കു തിരിച്ചെത്തുകയാണ്.
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'അഥവാ കെപിഎസി എന്ന ചിത്രം നിര്‍മിച്ചാണ് കുഞ്ചാക്കോ കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട കുഞ്ചാക്കോ ബോബന്‍ നിര്‍മാണരംഗത്തേക്കു ചുവടുവയ്ക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 67ാമത്തെ ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക.
1942ല്‍ ആരംഭിച്ച നിര്‍മാണക്കമ്പനി 1949ലാണ് ആദ്യമായി വെള്ളിനക്ഷത്രം'എന്ന ചിത്രം നിര്‍മിച്ചത്. 1986ല്‍ പുറത്തിറങ്ങിയ അനശ്വരഗാനങ്ങള്‍'ആയിരുന്നു ഉദയായുടെ ബാനറില്‍ പുറത്തുവന്ന അവസാന ചിത്രം. 1942ല്‍ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോ തുടങ്ങിവച്ച ഉദയ പിക്‌ചേഴ്‌സ് പിന്നീട് അദ്ദേഹത്തിന്റെയും മകനായ ബോബന്‍ കുഞ്ചാക്കോയുടേയും കാലശേഷം വിസ്മൃതിയിലേക്കു കൂപ്പുകുത്തിയിരുന്നു. കുഞ്ചാക്കോയുടെ കൊച്ചുമകനും ബോബന്‍ കുഞ്ചാക്കോയുടെ മകനുമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
ഉദയ എന്ന പേരിന്റെ മഹത്വം താന്‍ വൈകിയാണു തിരിച്ചറിഞ്ഞതെന്ന് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സംവിധായകനില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് സിനിമാ നി ര്‍മാണത്തിലേക്ക് സധൈര്യം ഇറങ്ങിയത്. ഉദയയുടെ പഴയ എംബ്ലം തന്നെയാവും ഉപയോഗിക്കുക. എന്നാല്‍, ഡിസൈനില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it