ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ തൊഴിലാളി സമരം പിന്‍വലിച്ചു

തൃപ്പൂണിത്തുറ: വേതനവര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഉദയംപേരൂര്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാ ന്റില്‍ തൊഴിലാളികള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് കൊച്ചി വൈറ്റ് ഫോര്‍ട്ടില്‍ തൊഴിലാളി യൂനിയര്‍ നേതാക്കളും കരാറുകാരനും ഐഒസി മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഇടക്കാലാശ്വാസമായി 10,000 രൂപ തൊഴിലാളികള്‍ക്കു നല്‍കും. അടിസ്ഥാന ശമ്പളം 15,000 രൂപയായി വര്‍ധിപ്പിക്കണമെന്നുള്ള യൂനിയനുകളുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കാമെന്ന വ്യവസ്ഥയിലായിരുന്നു സമരം അവസാനിപ്പിച്ചത്.
ഈ മാസം 28ാം തിയ്യതിക്കുള്ളില്‍ ഇതിനു പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ മാ ര്‍ച്ച് ഒന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. സമരം അവസാനിപ്പിച്ചതോടെ ഇന്നലെ പാചകവാതക നീക്കം പുനരാരംഭിച്ചു.
തിങ്കളാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടു ചര്‍ച്ച നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്നലെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ (എസ്മ ) ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച സമരം അവസാനിപ്പിച്ചാല്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കാമെന്ന് കലക്ടര്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ക്ക് തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. സമരം അവസാനിച്ചെങ്കിലും പാചകവാതക നീക്കം പഴയതുപോലെ ആവണമെങ്കില്‍ മൂന്നു ദിവസമെങ്കിലും കഴിയും. സമരത്തെ തുടര്‍ന്ന് മൂന്നു ലക്ഷം സിലിണ്ടറുകളുടെ കുറവാണുണ്ടായത്.
Next Story

RELATED STORIES

Share it