ഉത്തര കൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം തുടങ്ങി

പ്യോങ്‌യാങ്: ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പും ഉപരോധ ഭീഷണിയും മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. ക്വാങ്മിയോങ് സോങ് എന്നു നാമകരണം ചെയ്യപ്പെട്ട ഉപഗ്രഹം ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് വിക്ഷേപിച്ചത്. ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ഉപഗ്രഹ റോക്കറ്റ് ഫെബ്രുവരി എട്ടിനും 25നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഉത്തരകൊറിയന്‍ ദേശീയ ടെലിവിഷന്‍ അവകാശപ്പെട്ടു.
ജപ്പാനും ദക്ഷിണ കൊറിയയും യുഎസും ഉപഗ്രഹ വിക്ഷേപണത്തെ ശക്തമായി അപലപിച്ചു. ഇവരുടെ ആഭ്യര്‍ഥന മാനിച്ച് അടിയന്തര രക്ഷാസമിതി യോഗം തുടങ്ങി. ഉത്തര കൊറിയയുടെ ഉപഗ്രഹ വിക്ഷേപണ പശ്ചാത്തലത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുന്നതിന് യുഎസുമായി ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുമെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ കനത്ത വില നല്‍കേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ചൈനീസ് വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി.
ഉത്തരകൊറിയയുടേത് യുഎന്‍ രക്ഷാസമിതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആരോപിച്ചു. യുഎന്‍ നിരോധനം നിലനില്‍ക്കെ കഴിഞ്ഞ മാസം ആറാം തിയ്യതി ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളുടെ രണ്ട് വ്യത്യസ്ത രൂപങ്ങള്‍ നേരത്തേ പ്രദര്‍ശിപ്പിച്ചിരുന്നു. യുഎസില്‍ വരെ എത്താന്‍ കഴിയുന്നതാണ് ഈ മിസൈലുകളെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. ഇതോടൊപ്പം ആണവ ബോംബുകള്‍ മിസൈലില്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലുമാണ് ഉത്തരകൊറിയയെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it