ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തിന് സാധ്യത

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാര്‍ മാതൃകയില്‍ മഹാസഖ്യത്തിന് സാധ്യത തെളിയുന്നു. ജെഡിയു, ആര്‍എല്‍ഡി, കോണ്‍ഗ്രസ്, പീസ് പാര്‍ട്ടി എന്നീ കക്ഷികളടങ്ങിയ സഖ്യത്തിന്റെ സാധ്യതയാണ് ആരായുന്നത്. അടുത്തവര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ്.
ആര്‍എല്‍ഡി നേതാവ് അജിത്‌സിങ് ജെഡിയു അധ്യക്ഷന്‍ ശരത് യാദവുമായി ഏതാനും ദിവസം മുമ്പ് ചര്‍ച്ച നടത്തുകയുണ്ടായി. ബിജെപിക്കെതിരേ വിശാലസഖ്യം പടുത്തുയര്‍ത്താനുള്ള സാധ്യതകളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. അജിത്‌സിങ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഡിസംബറില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പീസ് പാര്‍ട്ടി നേതാവ് അയ്യൂബ് അന്‍സാരി നിതീഷ് കുമാറിനെയും ജെഡിയു ജനറല്‍ സെക്രട്ടറി കെസി ത്യാഗിയെയും കണ്ടിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പീസ് പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. ആര്‍എല്‍ഡിക്ക് പശ്ചിമ ഉത്തര്‍പ്രദേശിലും കാര്യമായ സ്വാധീനമുണ്ട്. എന്നാല്‍, മഹാസഖ്യം സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം ചിത്രം തെളിയുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ പറയുന്നത്.
പശ്ചിമ ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡി, ജെഡിയു കക്ഷികള്‍ സംയുക്ത റാലി സംഘടിപ്പിക്കും. റാലി സംഘടിപ്പിക്കാന്‍ ജെഡിയു നേതൃത്വം ത്യാഗിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് കൂടി സഖ്യത്തില്‍ ചേരുന്നതോടെ കരുത്തു തെളിയിക്കാനാവുമെന്നാണ് ജെഡിയു നേതൃത്വം കണക്കുകൂട്ടുന്നത്. മുലായംസിങിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനതാദളിന് ഉത്തര്‍പ്രദേശില്‍ 1991ല്‍ 22 എംപിമാരുണ്ടായിരുന്നു. വിപി സിങുമായി മുലായവും ചന്ദ്രശേഖറും വേര്‍പിരിഞ്ഞതോടെ ദളിന്റെ ശക്തി ക്ഷയിച്ചുവന്നു. 1996ല്‍ ശരദ്‌യാദവിന്റെ നേതൃത്വത്തിലുള്ള ദളിന് നിയമസഭയില്‍ 6 എംഎല്‍എമാരുണ്ടായിരുന്നു. 2002 ആയപ്പോള്‍ അത് രണ്ടംഗങ്ങളായി ചുരുങ്ങി.
ബിഹാറില്‍, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ മഹാസഖ്യം പരാജയപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അത്തരമൊരു സഖ്യം പരീക്ഷിക്കുന്നത്. മുലായംസിങിന്റെ ബന്ധുവാണെങ്കിലും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സഖ്യത്തിനുവേണ്ടി ഉത്തര്‍പ്രദേശില്‍ പ്രചാരണം നടത്തുമെന്നാണ് ജെഡിയു പ്രതീക്ഷിക്കുന്നത്. ബിഹാറില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍നിന്ന് പുറത്തുപോയി മുലായം മൂന്നാം മുന്നണിയുണ്ടാക്കി മല്‍സരിച്ചെങ്കിലും സീറ്റൊന്നും ലഭിക്കുകയുണ്ടായില്ല.
Next Story

RELATED STORIES

Share it