ഉത്തരാഖണ്ഡ് പ്രതിസന്ധി; പാര്‍ലമെന്റ് രണ്ടാം ദിനവും സ്തംഭിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളംവച്ചതോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം പുനരാരംഭിച്ചതിനു ശേഷമുള്ള രണ്ടാംദിനമായി ഇന്നലെയും ഇരുസഭകളിലും നടപടികള്‍ തടസ്സപ്പെട്ടു. വിഷയം സഭയില്‍ ചര്‍ച്ചചെയ്യാനാവില്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയതോടെ പ്രതിപക്ഷബഹളം രൂക്ഷമായി. കേരളത്തിലെ ഇഎംഎസ് മന്ത്രിസഭ ഉള്‍പ്പെടെ സ്വാതന്ത്ര്യാനന്തരം നൂറിലധികം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെ പുറത്താക്കിയിട്ടുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിയെ വിമര്‍ശിക്കുന്നതു പരിഹാസ്യമാണെന്നു വെങ്കയ്യ നായിഡു പറഞ്ഞു.
എന്നാല്‍, സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി പലതവണ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും പ്രമോദ് തിവാരിയും നോട്ടീസ് നല്‍കിയിരുന്നു. സമാജ്‌വാദി എംപി നരേഷ് അഗര്‍വാളും വിഷയം രാജ്യസഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഉത്തരാഖണ്ഡില്‍ ഭരണഘടനാ സംവിധാനം പൂര്‍ണമായും തകര്‍ന്നെന്ന് ജെയ്റ്റ്‌ലി ആരോ പിച്ചു.
ഭൂരിപക്ഷത്തെ ന്യൂനപക്ഷമായും തിരിച്ചും അട്ടിമറിക്കുന്ന സംസ്ഥാന സ്പീക്കറുടെ നടപടി ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍, സഭയിലില്ലാത്ത ഉത്തരാഖണ്ഡ് സ്പീക്കറെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നു നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം സഭയില്‍ ചര്‍ച്ചചെയ്യുന്നതില്‍ അനുകൂല നിലപാടാണെന്ന് ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ വ്യക്തമാക്കി. സഭാനടപടികള്‍ സുഗമമായി നടത്താന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തുടര്‍ന്നും പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കിയതോടെ സഭ ഉച്ചവരെ പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ വീണ്ടും പിരിഞ്ഞു.
ഉത്തരാഖണ്ഡ് വിഷയത്തില്‍ കോണ്‍ഗ്രസ്സിനെതിരേ അതേ നാണയത്തില്‍ നേരിടാനാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ശ്രമിച്ചത്.
Next Story

RELATED STORIES

Share it