ഉത്തരാഖണ്ഡ് പ്രതിസന്ധി; കൂറുമാറിയില്ലെന്ന് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍

നൈനിറ്റാള്‍: ഭിന്നാഭിപ്രായം പ്രകടിപ്പിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂവെന്നും കൂറുമാറിയിട്ടില്ലെന്നും ഉത്തരാഖണ്ഡിലെ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പാര്‍ട്ടി വിട്ടിട്ടില്ല. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ മാറ്റി മറ്റൊരു നേതാവിന്റെ കീഴില്‍ മെച്ചപ്പെട്ട ഭരണം നടത്താനാണ് ആവശ്യപ്പെട്ടത്-ജസ്റ്റിസ് യു സി ധ്യാനിയുടെ മുമ്പാകെ അവര്‍ പറഞ്ഞു. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ജലിന്റെ നടപടിയെ ചോദ്യം ചെയ്തുസമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു എംഎല്‍എമാര്‍.
ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ സര്‍ക്കാരിനെതിരേ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യമാണെന്നും അവര്‍ പാര്‍ട്ടി വിടുന്നുവെന്നോ കൂറുമാറ്റം നടത്തുന്നുവെന്നോ അതിനര്‍ഥമില്ലെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എ സുന്ദരം വാദിച്ചു.
സര്‍ക്കാരും പാര്‍ട്ടിയും ഒന്നാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ധരിച്ചിരിക്കുന്നതെന്നും അതംഗീകരിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ മരണമായിരിക്കുമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. പിന്നീട് ഒരു ഭരണകക്ഷി അംഗങ്ങള്‍ക്കും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല. പാര്‍ട്ടിയെ ഉപേക്ഷിക്കുന്നതാണ് കൂറുമാറ്റം കൊണ്ട് അര്‍ഥമാക്കുന്നതെന്നും അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്നത് കൂറുമാറ്റമാവുകയില്ലെന്നും അദ്ദേഹം വാദിച്ചു. റാവത്ത് സര്‍ക്കാരിന്റെ പക്ഷം ചേര്‍ന്ന് സ്പീക്കര്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it