ഉത്തരാഖണ്ഡ് പ്രതിസന്ധി: രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാമത് സെഷന്‍ നാളെ തുടങ്ങാനിരിക്കെ കേന്ദ്രത്തിനു പുതിയ തലവേദന തീര്‍ത്ത് കോണ്‍ഗ്രസ് നീക്കം. ഉത്തരാഖണ്ഡിലെ ദേശീയശ്രദ്ധ ആകര്‍ഷിച്ച രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് സഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിക്ക് കത്തയച്ചു.
ചോദ്യവേള റദ്ദ് ചെയ്ത് വിഷയം ചര്‍ച്ചചെയ്യുകയും രാഷ്ട്രപതിഭരണം നടപ്പാക്കിയ നടപടിയെ അപലപിച്ച് സഭ പ്രമേയം പാസാക്കണമെന്നുമാണ് ഗുലാംനബി ആസാദ് സഭയിലെ കോണ്‍ഗ്രസ്സിന്റെ ഉപനേതാവ് ആനന്ദ് ശര്‍മയോടൊപ്പം നല്‍കിയ നോട്ടീസിലെ ആവശ്യം.
ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയ നടപടിയെ സഭ അപലപിക്കുന്നതായും നീതിരഹിതമായതരത്തില്‍ ഭരണഘടനയിലെ 356ാം അനുച്ഛേദം ഉപയോഗിച്ച് രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചതിനോടു വിയോജിക്കുന്നതായും കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രമേയം പറയുന്നു. ഉത്തരാഖണ്ഡിലും, നേരത്തേ കോണ്‍ഗ്രസ് സര്‍ക്കാരിനെ തന്നെ മാറ്റിനിര്‍ത്തി അരുണാചലിലും രാഷ്ട്രപതിഭരണം നടപ്പാക്കിയതിനെ കേന്ദ്രത്തിനെതിരേ ആയുധമാക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.
ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനുമെതിരായ ആക്രമമാണിതെന്ന കോണ്‍ഗ്രസ് വാദത്തിന് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്നാണു കരുതുന്നത്. ജനാധിപത്യത്തെ രക്ഷിക്കൂ, ഉത്തരാഖണ്ഡിനെ രക്ഷിക്കൂ എന്ന പേരില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കാംപയിന്‍ ആരംഭിച്ചു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം സുപ്രിം കോടതി റദ്ദാക്കിയയിരുന്നു.
Next Story

RELATED STORIES

Share it