ഉത്തരാഖണ്ഡ്: ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കണം

ന്യൂഡല്‍ഹി: കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയില്‍ ഈ മാസം 28നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കെ കെ പോള്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് കത്തയച്ചു. ഇന്നലെ രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ റാവത്ത്, തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും അതു തെളിയിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ബിജെപി സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണപക്ഷ എംഎല്‍എമാരെ കോണ്‍ഗ്രസ് രാംനഗറിലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ബിജെപിക്കൊപ്പം ചേര്‍ന്ന വിമതര്‍ക്ക് സ്പീക്കര്‍ ഗോവിങ് സിങ് കുഞ്ചുവാല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാംഗത്വം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാണു നിര്‍ദേശം.
അതിനിടെ, സര്‍ക്കാരിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ കൃഷിമന്ത്രി ഹാരക്‌സിങ് റാവത്തിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. നിയമസഭയുടെ അന്തസ്സ് കെടുത്തിയെന്നാരോപിച്ചാണു നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നടപടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്ര അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ഹാരക്‌സിങ് രാജിപ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, രാജിക്കത്ത് ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മധുരദത്ത് ജോഷി അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇന്നലെ ഡല്‍ഹിയിലെത്തി. 70 അംഗ മന്ത്രിസഭയാണ് ഉത്തരാഖണ്ഡിലേത്. 36 എംഎല്‍എമാരുടെ പിന്തുണയാണ് ഹരീഷ് റാവത്തിന്റെ മന്ത്രിസഭയ്ക്കുണ്ടായിരുന്നത്. പുരോഗമന ജനാധിപത്യ മുന്നണിയിലെ ആറംഗങ്ങളുടെ പിന്തുണയുമുണ്ട്. ബജറ്റിനെ തുടര്‍ന്നുള്ള വിവാദത്തിനിടെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതാണ് ഭരണപ്രതിസന്ധിക്കു കാരണം. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം നഷ്ടമാവുകയും 28 എംഎല്‍എമാരുള്ള ബിജെപിക്ക് 37 അംഗങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്തു. സൈന്യത്തിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ അറസ്റ്റിലായ എംഎല്‍എ ജോഷിയെ മാറ്റിനിര്‍ത്തിയാലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 36 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുണ്ട്. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ, മന്ത്രി ഹാരക്‌സിങ് റാവത്ത്, യശ്പാല്‍ ആര്യ, അംബിക റാവത്ത് എന്നിവരും കൂറുമാറിയവരില്‍പ്പെടും.
ബിജെപി പണം നല്‍കി സര്‍ക്കാരുകളെ വീഴ്ത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിയുടെ തനിനിറം വെളിവാക്കുന്നതാണ് ഉത്തരാഖണ്ഡ് സംഭവം. ജനാധിപത്യത്തിനെതിരായ ആക്രമണമാണിത്. ഇതിനെതിരേ പോരാടുമെന്നും രാഹുല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it