ഉത്തരാഖണ്ഡില്‍ വീണ്ടും കാട്ടുതീ; 180 ഹെക്ടര്‍ വനം കത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും കാട്ടൂതീ. ഉത്തര കാശി ജില്ലയില്‍ ഇന്നലെ ഒരൊറ്റ ദിവസം മാത്രം 180 ഏക്കര്‍ വനം കത്തിനശിച്ചു. 111 സ്ഥലങ്ങളിലായി 180 ഹെക്ടര്‍ വനം കത്തുകയാണെന്ന് ഉത്തര കാശി ജില്ലാ മജിസ്‌ട്രേറ്റ് ശ്രീധര്‍ബാബു അദാന്‍കി പറഞ്ഞു. ഫോറസ്റ്റ് റേഞ്ചര്‍മാരോടും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരോടും കാട്ടുതീ പ്രദേശങ്ങളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിയുന്നത്ര വേഗം തീ അണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കും കുറവില്ലെന്നും തീ നിയന്ത്രണവിധേയമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ഡികെ സിങും സന്ദീപ് കുമാറും അറിയിച്ചു.
ഉത്തരാഖണ്ഡ് ഒരാഴ്ചയിലേറെയായി ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. സാധാരണ അനുഭവപ്പെടുന്നതിനേക്കാളും അഞ്ചോ ആറോ ഡിഗ്രി കൂടുതലാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട്. കാട്ടുതീയുടെ കാരണങ്ങളിലൊന്ന് ഇതാണെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ വിക്രം സിങ് അറിയിച്ചു. ഫെബ്രുവരിയില്‍ തുടങ്ങിയ കാട്ടുതീ സംസ്ഥാനത്ത് 4048 ഹെക്ടര്‍ ഭൂമി നശിപ്പിച്ചിട്ടുണ്ട്. കൊടും ചൂട് അല്‍പദിവസംകൂടി തുടരാനാണു സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, ജമ്മുവിലെ ത്രികുത കുന്നുകളിലും കാട്ടുതീ പടര്‍ന്നു. തീ അണയ്ക്കാന്‍ വ്യോമസേനയുടെ സഹായം തേടി.
ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാംപ് സ്ഥിതിചെയ്യുന്ന ബന്‍ഗംഗ മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. തീപ്പിടിത്തത്തെ തുടര്‍ന്ന് വൈഷ്‌ണോദേവി തീര്‍ത്ഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് ഹെലികോപ്റ്റര്‍ വഴി മാറ്റി. കാട്ടുതീയില്‍ ആളപായമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it