ഉത്തരാഖണ്ഡില്‍ ബിജെപി മോഹത്തിന് തിരിച്ചടി; റാവത്തിന് വിജയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ പിരിച്ചുവിട്ട് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച ബിജെപിക്ക് തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നിയമസഭയില്‍ വിശ്വാസവോട്ട് നേടി. വോട്ടെടുപ്പിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സുപ്രിംകോടതി ഫലം ഔദ്യോഗികമായി ഇന്നു പ്രഖ്യാപിക്കും.
ഹരീഷ് റാവത്തിന് അനുകൂലമായി 33 വോട്ട് ലഭിച്ചു. ബിജെപി എംഎല്‍എ ഭീംലാല്‍ ആര്യ കോണ്‍ഗ്രസ്സിന് അനുകൂലമായും കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ ബിജെപിക്ക് അനുകൂലമായും വോട്ട് ചെയ്തു. ബിജെപിക്ക് 28 വോട്ടാണ് ലഭിച്ചത്. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. വിശ്വാസവോട്ടെടുപ്പിനു മാത്രമായി രണ്ടുമണിക്കൂര്‍ നേരത്തേക്ക് രാഷ്ട്രപതിഭരണം പിന്‍വലിച്ചിരുന്നു. വോട്ടെടുപ്പ് കണക്കിലെടുത്ത് നിയമസഭാമന്ദിരത്തിനു ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു നിയമസഭാഹാളിലേക്ക് പ്രവേശനം.
71 അംഗ സഭയില്‍ ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ 62 അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശം. കോണ്‍ഗ്രസ്സിന്റെ 27 അംഗങ്ങളില്‍ ഒരാള്‍ കൂറുമാറി. ബിജെപിയിലെ ഒരു എംഎല്‍എയും ജനകീയ ജനാധിപത്യ മുന്നണിയിലെ എംഎല്‍എമാരും സ്വതന്ത്രരും കോണ്‍ഗ്രസ്സിനെ തുണച്ചു.
മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദം ഉന്നയിച്ചു. എന്നാല്‍, കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയെങ്കിലും അതിന് രണ്ടുദിവസം മുമ്പ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഇതു ഹൈക്കോടതി റദ്ദാക്കിയതോടെ കേന്ദ്രം സുപ്രിംകോടതിയെ സമീപിച്ചെങ്കിലും വിശ്വാസവോട്ട് തേടാന്‍ അനുമതി ലഭിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it